അഹമ്മദാബാദ്: സംസ്ഥാനത്തെ മഴക്ഷാമത്തിന് പരിഹാരം കാണാന്‍ യാഗം നടത്താന്‍ തീരുമാനിച്ച് ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍. കഴിഞ്ഞദിവസം മുഖ്യമന്ത്രി വിജയ് രൂപാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് യാഗത്തിന് തീരുമാനമെടുത്ത്.
മഴ ദൈവമായ ഇന്ദ്രനേയും ജല ദൈവമായ വരുണിനേയും പ്രസാദിപ്പിക്കുന്നതിന് വേണ്ടി ഗുജറാത്തിലെ 33 ജില്ലകളിലും പര്‍ജന്യ യാഗം നടത്താനാണ് തീരുമാനം. മാസങ്ങളായി ഗുജറാത്തില്‍ നടന്നു വരുന്ന 'സുഫലാം സുജലാം ജല്‍ അഭിയാന്‍' പദ്ധതിയുടെ അവസാനമായി ഈ മാസം 31 ന് യാഗം നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനത്ത് ആകെ 41 പര്‍ജന്യയാഗം നടത്താനാണ് തീരുമാനം.
യാഗത്തിനു ശേഷം പ്രസാദം വിതരണമുണ്ടാകുമെന്നും മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ള മന്ത്രിമാരും മറ്റു ഉന്നത ഉദ്യോഗസ്ഥരും യാഗത്തില്‍ പങ്കെടുക്കുമെന്നും ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പാട്ടേല്‍ അറിയിച്ചു. പുഴകളും നദികളും കനാലുകളും അരുവികളും മറ്റും സമൃദ്ധമാക്കുന്നത് ലക്ഷ്യമിട്ടാണ് യാഗമെന്ന് ഉപമുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വരള്‍ച്ചയും ജലക്ഷാമവും മൂലം ഗുജറാത്തില്‍ കര്‍ഷകരുടെ പ്രതിഷേധം നടന്നുവരുകയാണ്. സംസ്ഥാനത്തെ 204 ഡാമുകളില്‍ 24 ശതമാനം വെള്ളമെ നിലവിലുള്ളൂ. ഇതിനിടെയാണ് ജലക്ഷാമത്തിന് പരിഹാരം കാണാന്‍ മഴ പെയ്യിക്കുന്നതിന് യാഗം നടത്താന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചത്.