ന്യൂയോർക്ക്: എച്ച് വൺ ബി വിസയിൽ ഭേദഗതി വരുത്തിയ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇമിഗ്രേഷൻ സർവിസിനെതിരെ ന്യൂ ജഴ്സിയിലെ നെവാർക്കിലുള്ള യു.എസ് ജില്ലാക്കോടതിയിൽ അന്യായം ഫയൽ ചെയ്തു. വിസാച്ചട്ടത്തിൽ മാറ്റങ്ങൾ വന്നതോടെ യു.എസ് കമ്പനികൾക്ക് എച്ച് വൺ ബി ജീവനക്കാരെ സ്പോൺസർ ചെയ്യാൻ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് കേസ്.
സാങ്കേതികപരിജ്ഞാനം ആവശ്യമുള്ള തൊഴില്‍മേഖലകളില്‍ വിദേശീയര്‍ക്ക് താത്കാലികമായി തൊഴില്‍ നല്‍കാന്‍ ഉടമയെ അനുവദിക്കുന്നതാണ് എച്ച് വണ്‍ ബി വിസ. പുതിയ ഭേദഗതി പ്രകാരം ഉയര്‍ന്ന വിദ്യാഭ്യാസവും വൈദഗ്ധ്യവുമുള്ളവരെ മാത്രമെ കമ്പനികള്‍ റിക്രൂട്ട് ചെയ്യാന്‍ പാടുള്ളുവെന്ന് കര്‍ശന നിര്‍ദേശമാണുള്ളത്. എന്നാല്‍ യുഎസില്‍ ഇത്തരം ജോലിക്കാര്‍ ഇല്ലെങ്കില്‍ മാത്രമെ പുറത്ത് നിന്ന് റിക്രൂട്ട് ചെയ്യാവൂ എന്നാണ് പുതിയ നിർദ്ദേശം.
കുറഞ്ഞ ശമ്പളത്തിന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ ജോലിക്കായി എത്തുമ്പാള്‍ അമേരിക്കന്‍ പ്രൊഫഷനലുകള്‍ക്ക് ജോലിയില്ലാതാകുമെന്നായിരുന്നു പ്രധാന ആക്ഷേപം.
എച്ച് വൺ ബി വിസയിൽ ജോലിക്കാരെ കൊണ്ടുവരുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് തൊഴിലാളികളെപ്പോലെ തന്നെ തൊഴിലുടമകളെയും സാരമായി ബാധിക്കുന്ന വിഷയമാണ്. തീരുമാനം ഏകപക്ഷീയവും സ്ഥിരതയില്ലാത്തതുമാണെന്ന് ഐ.ടി സേവന ദാതാക്കളായ പ്ലെയിൻടിഫ്സിനെ പ്രതിനിധീകരിച്ച് അറ്റോർണി തോമസ് വിനു അലൻ പറഞ്ഞു.
തങ്ങൾക്ക് ആവശ്യമായ യോഗ്യരായ ജീവനക്കാരെ അമേരിക്കയിൽ നിന്ന് കണ്ടെത്താനായില്ലെന്നും പ്ലെയിൻടിഫ്സ് അറിയിച്ചു. ഐ.ടി സേവനങ്ങൾ നൽകുന്ന ന്യൂ ജഴ്സിയിലുള്ള ഒരു കൺസോർഷ്യമാണ് പ്ലെയിൻ ടിഫ്സ്. പുതിയ നിയന്ത്രണങ്ങൾ യു.എസ് ഐ.ടി മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യൻ കമ്പനികളായ ടി സി.എസ്, എച്ച് സി.എൽ, ഇൻഫോസിസ്, മഹീന്ദ്ര സത്യം തുടങ്ങിയ വൻ കമ്പനികൾ മുതൽ ചെറുതും വലുതുമയ നിരവധി ഐ.ടി കമ്പനികളെ നിയമം ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം യുഎസ്.സി.ഐ.എസ് കൊണ്ടുവന്ന പുതിയ നയത്തിന്റെ ഫലമായി വർഷങ്ങളായി അമേരിക്കയിൽ താമസിച്ചിരുന്ന പലർക്കും കുടുംബങ്ങളെ നാട്ടിൽ ഉപേക്ഷിച്ചു വരേണ്ടി വന്നിരുന്നു. ഇത് ആയിരക്കണക്കിന് എച്ച് വൺ ബി വിസക്കാരുടെ കൊഴിഞ്ഞു പോക്കിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നയം. കോടതിയിൽ നൽകിയിരിക്കുന്ന കേസ് വഴി എച്ച് വൺ ബി വിസക്കാരുടെ കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കാനാകുമെന്ന് പ്ലെയിൻ ടിഫ്സിന്റെ മറ്റൊരു അറ്റോർണിയായ ജൊനാഥൻ വാസ്ഡൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്ലെയിൻ ടിഫ്സിനു കീഴിൽ മുന്നൂറിലധികം ഐ.ടി കമ്പനികളാണുള്ളത്. പുതിയ നിർദ്ദേശങ്ങൾ വന്നതോടെ അവർക്ക് നിലവിലുള്ള ജീവനക്കാരെ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണ്. പുതിയ നിർദേശം അനുശാസിക്കുന്ന യോഗ്യതയുള്ളവരെ യു.എസ് തൊഴിൽ മാർക്കറ്റിൽ നിന്ന് കണ്ടെത്താനുമാകില്ല. ഇക്കാര്യവും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എച്ച് വൺ ബി വിസയിലുള്ളവർക്ക് തൊഴിൽ നൽകുന്ന തൊഴിൽ ദാതാക്കൾക്കും ചില അവകാശങ്ങളുള്ളതായി പരാതിയിൽ പറയുന്നു.
ഇന്ത്യക്കാരുള്‍പ്പെടെയുള്ള 70 ശതമാനം വിദേശികള്‍ക്കും അമേരിക്കയില്‍ ഐടി സെക്ടറില്‍ ജോലി ചെയ്യാന്‍ സൗകര്യമൊരുക്കുന്ന തൊഴില്‍ വിസയായ എച്ച് വണ്‍ബി വിസയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത് ഏറ്റവുമധികം തിരിച്ചടിയാവുന്നത് അമേരിക്കയില്‍ ജോലി നോക്കുന്ന ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കായിരിക്കും.
ബൈജു തോമസ്