• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മുസ്‍ലിം ആയി ജീവിക്കണം;മാനസിക പീഡനത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഹാദിയ

ന്യൂഡല്‍ഹി: വിവാഹ ശേഷം വീട്ടുതടങ്കലില്‍ അനുഭവിക്കേണ്ടി വന്ന മാനസിക- ശാരീരിക പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഹാദിയ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.വീട്ടുതടങ്കലില്‍ നിരന്തരം മാനസിക പീഡനങ്ങള്‍ക്ക് താന്‍ ഇരയായി. ഇസ്ലാം മതം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ ഉള്‍പെടെയുള്ള നിരവധി പേര്‍ വീട്ടിലെത്തിയിരുന്നു. ശിവശക്തി യോഗാ സ​​​െന്‍ററില്‍ നിന്നുള്ളവരും മതപരിവര്‍ത്തനം ആവശ്യപ്പെട്ട് വീട്ടിലെത്തി തന്നെ സന്ദര്‍ശിച്ചു. പ്രാര്‍ഥനക്കോ നിസ്കാരത്തിനോ മറ്റു മതപരമായ കാര്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ വീട്ടില്‍ നിഷേധിക്കപ്പെട്ടെന്നും ഹാദിയ വ്യക്തമാക്കി.

വീട്ടുതടങ്കലിൽ താമസിപ്പിച്ചു പീഡിപ്പിച്ച കാലത്തെ നഷ്ടപരിഹാരം വേണമെന്നും ഹാദിയ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വതന്ത്രയായി ജീവിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണം. വീട്ടുതടങ്കലിൽ കഴിയുന്ന സമയത്തു ആരൊക്കെയാണു സന്ദർശിക്കാൻ എത്തിയിരുന്നതെന്ന് അന്വേഷിക്കണമെന്നും സത്യവാങ്മൂലത്തിൽ ഹാദിയ പറയുന്നു.

അതേസമയം, ഹാദിയയുടെ (അഖില) പിതാവ് അശോകനും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ‘മലപ്പുറം മഞ്ചേരിയിലെ സത്യസരണിക്കു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ട്. സൈനബ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകയാണ്. സൈനബയും സത്യസരണിയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണു ചെയ്യുന്നത്. ഹാദിയയെ സിറിയയിലേക്കു കടത്തുകയായിരുന്നു ലക്ഷ്യം. ഹാദിയ ഇസ്‍ലാം മതം സ്വീകരിച്ചതല്ല പ്രശ്നം. മകളുടെ സുരക്ഷ മാത്രമാണു താന്‍ നോക്കുന്നത്’ – അശോകൻ സത്യവാങ്മൂലത്തില്‍ പറയുന്നു.

Top