പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശബരിമലയിലേക്ക് പോകണമെന്ന ആവശ്യവുമായാണ് കെ സുരേന്ദ്രനും ബിജെപി നേതാക്കളും നിലയ്ക്കലില്‍ എത്തിയത്. ഇവിടെവെച്ച് പോലീസുകാരുമായി തര്‍ക്കം ഉണ്ടാകുകയും ചെയ്തു. തിരിച്ചു പോകില്ലെന്നായിരുന്നു സുരേന്ദ്രന്റെ നിലപാട് തുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുരേന്ദ്രനെ കൂടാതെ തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ. നാഗേഷിനെയും കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത ഇവരെ റാന്നി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
ആറേ മുക്കാലോടെ സന്നിധാനത്തേക്ക് പുറപ്പെട്ട കെ.സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ചാണ് പൊലീസ് തടഞ്ഞത്. ഇരുമുടിക്കെട്ടുമായാണ് കെ.സുരേന്ദ്രന്‍ സന്നിധാനത്തേക്ക് നീങ്ങിയത്. പോലീസിന്റെ എല്ലാ നിയന്ത്രണ നിര്‍ദേശങ്ങളും അനുസരിക്കുമെന്നും എന്നാല്‍ തനിക്ക് ദര്‍ശനം നിഷേധിക്കരുതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
നട അടയ്ക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്ബ് വരെ മാത്രമേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂവെന്നും രാത്രിയില്‍ സന്നിധാനത്തേക്ക് ആരെയും കടത്തിവിടില്ലെന്നും എസ്പി പറഞ്ഞു. ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല വീണ്ടും സന്നിധാനത്തേക്ക് എത്തുമെന്ന് പോലീസിന് വിവരം ലഭിച്ചതോടെ നിലയ്ക്കലില്‍ അടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മരക്കൂട്ടത്തുനിന്ന് പോലീസ് അറസ്റ്റുചെയ്ത ശശികലയ്ക്ക് ജാമ്യം ലഭിച്ചതോടെയാണ് വീണ്ടും സന്നിധാനത്തേക്ക് എത്തുന്നത്.