ബംഗളൂരു: കര്‍ണാടകയില്‍ എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.മന്ത്രിസഭ രൂപീകരിക്കാന്‍ കുമാരസ്വാമിയോട് ഗവര്‍ണര്‍ വാജു ഭായ് വാല ആവശ്യപ്പെട്ടു.ഭൂരിപക്ഷം തെളിയിക്കാന്‍ കുമാരസ്വാമിക്ക് ഗവര്‍ണര്‍ 15 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. 30 അംഗ മന്ത്രിസഭയ്ക്കാണ് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം രൂപം നല്‍കുന്നത്.
കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വര ഉപമുഖ്യമന്ത്രി ആയേക്കുമെന്നും സൂചനയുണ്ട്. ഡി.കെ ശിവകുമാറിനെ കെപിസിസി പ്രസിഡന്റായി നിയമിക്കുമെന്നും സൂചനയുണ്ട്.ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എം.കെ സ്റ്റാലിന്‍, മായാവതി, മമത ബാനര്‍ജി, ചന്ദ്രശേഖര റാവു, അഖിലേഷ് യാദവ് തുടങ്ങിയവരെ കുമാരസ്വാമി സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചു.
അതേസമയം, സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കുമാരസ്വാമി പറഞ്ഞു.കേവല ഭൂരിപക്ഷത്തിനായുള്ള 111 എംഎല്‍എമാരുടെ പിന്തുണ വിധാന്‍ സഭയില്‍ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് വിശ്വാസ വോട്ടെടുപ്പിന് മുതിരാതെ യെദ്യൂരപ്പ ഇന്ന് രാജിവെച്ചത്. ദിവസങ്ങളായി കര്‍ണാടകയില്‍ തുടര്‍ന്നുവന്നിരുന്ന രാഷ്ടീയ അനിശ്ചിതത്വത്തിനാണ് ഇതോടെ അവസാനമായത്.
കോണ്‍ഗ്രസ് എംഎല്‍എമാരെ കോടികള്‍ ഒഴുക്കി തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കാന്‍ എല്ലാ ശ്രമവും ബിജെപി നടത്തിയിരുന്നെങ്കിലും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് എംഎല്‍എമാരെ നിരന്തരം മാറ്റി നിര്‍ത്തി കോണ്‍ഗ്രസ് ബിജെപിയുടെ നീക്കങ്ങളെ പൊളിക്കുകയായിരുന്നു.
ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാകാതെ യെദ്യൂരപ്പയ്ക്ക് രാജിവയ്‌ക്കേണ്ടി വന്നത്. 2007ല്‍ 7 ദിവസമായിരുന്നു മുഖ്യമന്ത്രി കസേരയിലെ യെദ്യൂരപ്പയുടെ ആയുസ്.
2008ല്‍ 39 മാസത്തോളം അധികാരത്തിലിരുന്ന ശേഷമാണ് രാജിവയ്‌ക്കേണ്ടിവന്നത്. മൂന്നാം അവസരത്തില്‍ 58 മണിക്കൂറായിരുന്നു മുഖ്യമന്ത്രി കസേരയിലെ യെദ്യൂരപ്പയുടെ സേവനം.