കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്‌ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി ജില്ലയില്‍ ഇന്ന് അതിതീവ്ര മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ പലയിടത്തും 24 മണിക്കൂറില്‍ 205 മില്ലിമീറ്ററില്‍ അധികം മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലായിരിക്കും. ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യമുണ്ടായാല്‍ എറണാകുളം, കോട്ടയം ജില്ലകളിലെ സ്ഥിതി കൂടുതല്‍ രൂക്ഷമായേക്കും. രാത്രി സമയങ്ങളില്‍ മഴ ശക്തമാകാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ട് ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ക്കു ക്യാംപുകള്‍ സജ്ജീകരിച്ച് ആളുകളെ അറിയിക്കേണ്ടതും പകല്‍ സമയത്ത് തന്നെ ക്യാംപുകളിലേക്ക് ആളുകളെ മാറ്റേണ്ടതുമാണ് എന്ന് നിര്‍ദേശം വന്നിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.