• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സ്‌ഥിരമായി ഹൈഹീല്‍ ചെരുപ്പുകള്‍ ഉപയോഗിക്കുന്നത്‌ ആരോഗ്യത്തിന്‌ ദോഷം

മാറുന്ന കാലത്തിനനുസരിച്ച്‌ ഫാഷനിലും പുതുമ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവരാണ്‌ നമ്മള്‍ അമേരിക്കന്‍ മലയാളികളില്‍ അധികവും. ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ഹൈഹീല്‍ ചെരുപ്പുകളും ഇന്ന്‌ തരംഗമാണ്‌. എന്നാല്‍ ഈ ഹൈഹീല്‍ ചെരുപ്പുകളുടെ അമിതോപയോഗം ആരോഗ്യത്തിന്‌ അത്ര നല്ലതല്ല.

ഹൈഹീല്‍ ചെരുപ്പുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളും കണ്ടുവരാറുണ്ട്‌. ഇത്തരക്കാരുടെ ഇടയില്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്‌ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌. സന്ധികള്‍ക്കുണ്ടാകുന്ന ഗുരുതരമായ രോഗാവസ്ഥയാണ്‌ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്‌. സന്ധികള്‍ക്കുണ്ടാകുന്ന വേദനയും കാലിനുണ്ടാകുന്ന വീക്കം എന്നിവയാണ്‌ ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങള്‍.

ദിവസവും മണിക്കൂറുകളോളം ഹൈ ഹീല്‍ഡ്‌ ചെരുപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എല്ലുകള്‍ക്ക്‌ ക്ഷതമുണ്ടാകുന്നതിനും സന്ധിവാതത്തിനും കാരണമാകുന്നു. ഇത്‌ അവഗണിച്ചാല്‍ പിന്നീട്‌ ഗുരുതരമായ രോഗാവസ്ഥയിലേക്കും വഴിതെളിക്കും. ഒടുവില്‍ ശസ്‌ത്രക്രിയ പോലും വേണ്ടിവരും രോഗാവസ്ഥയില്‍ നിന്നും മുക്തി നേടാന്‍. നാല്‍പത്‌ വയസിന്‌ മുകളില്‍ പ്രായമുള്ള സ്‌ത്രീകള്‍ ഹൈഹീല്‍ഡ്‌ ചെരുപ്പുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത്‌ വളരെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക്‌ വഴിതെളിക്കും.

ഹൈഹീല്‍ഡ്‌ ചെരുപ്പകള്‍ കാല്‍പാദങ്ങളുടെ എല്ലുകളില്‍ ഭാരം വര്‍ധിപ്പിക്കുകയും ഇതുമൂലം ഫോര്‍ഫൂട്‌ വേദന ഉണ്ടാവുകയും ചെയ്യും. ഇതിനുപുറമെ വിട്ടുമാറാത്ത മുട്ടുവേദനയ്‌ക്കും ഇത്‌ കാരണമാകും. ഹൈഹീല്‍ഡ്‌ ഉപയോഗിക്കുന്നതുവഴി നടുവേദന ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്‌. ഹൈഹീല്‍ ചെരുപ്പുകള്‍ പരമാവധി ഒഴിവാക്കി പ്ലെയിന്‍ ഹീലുള്ള ചെരുപ്പുകള്‍ ഉപയോഗിക്കുന്നതാണ്‌ ആരോഗ്യത്തിന്‌ നല്ലത്‌.

Top