കേരളത്തില്‍ കനത്ത ചൂടിന് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ കൊടും ചൂട് അനുഭവപ്പെടാനിടയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശം.
സംസ്ഥാനത്ത് ആകമാനം രണ്ടു മുതല്‍ നാലു ഡിഗ്രിവരെ ചൂട് ഉയരാമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇപ്പോള്‍ ഏറ്റവും ചൂട് അനുഭവപ്പെടുന്നത് പാലക്കാട്ടാണ്- 37 ഡിഗ്രി സെല്‍ഷ്യസ്. തിരുവനന്തപുരം നഗരത്തില്‍ 36 ഡിഗി, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തൃശൂര്‍ എന്നിവിടങ്ങളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വീതം രേഖപ്പെടുത്തി. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ എട്ട് ഡിഗ്രിയോളം ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നു.
ഈ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പുറംജോലികള്‍ ചെയ്യുന്നവരുടെ തൊഴില്‍സമയം സര്‍ക്കാര്‍ ക്രമീകരിച്ചിട്ടുണ്ട്. 11 മുതല്‍ മൂന്നുമണി വരെ ചൂട് ഏറ്റവും കൂടിയ സമയത്ത് പുറം ജോലികളില്‍ നിന്ന് തൊഴിലാളികളെ ഒഴിവാക്കണമെന്നും ഈ നിര്‍ദേശം എല്ലാ തൊഴില്‍ദാതാക്കളും കര്‍ശനമായി പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.