ദുബായ്: നടി ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വൈകും. ശ്രീദേവിയുടേത് അപകടമരണമാണെന്നു വ്യക്തമായ സാഹചര്യത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്കും പരിശോധനകളിലേക്കും കടക്കാന്‍ സാധ്യതയുള്ളതിനാലാണ് താമസം നേരിടുന്നത്.
ശ്രീദേവിയുടേത് അപകട മരണമാണെന്നു വ്യക്തമായ സാഹചര്യത്തില്‍ പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയില്ലാതെ മൃതദേഹം നാട്ടിലെത്തിക്കാനാകില്ല. പബ്ലിക് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയാല്‍ മാത്രമേ മൃതദേഹം വിട്ടു കൊടുക്കുന്നതിനും എംബാം ചെയ്യുന്നതിനും നാട്ടിലേക്കു കൊണ്ടു പോകുന്നതിനുമുള്ള രേഖകള്‍ ദുബായ് പൊലീസ് കൈമാറുകയുള്ളൂ. പബ്ലിക് പ്രോസിക്യൂഷനിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്കു ശേഷം മൃതദേഹം എംബാമിങ്ങിന് അയക്കാനാണ് ഇപ്പോഴത്തെ ശ്രമം. അങ്ങനെയെങ്കില്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കി വൈകിട്ടോടെ മുംബൈയിലേക്കു കൊണ്ടുപോകാം.
ശനിയാഴ്ച രാത്രി ഹോട്ടല്‍മുറിയിലുള്ള ബാത്ത്ടബ്ബില്‍ വെള്ളത്തില്‍ മുങ്ങിയാണ് ശ്രീദേവി മരിച്ചതെന്നാണ് ഫോറന്‍സിക് പരിശോധനയിലെ കണ്ടെത്തല്‍. അവര്‍ ബോധരഹിതയായി വീണതാണെന്നും ഹൃദയാഘാതം ഉണ്ടായിരുന്നില്ലെന്നും പരിശോധനയില്‍ തെളിഞ്ഞു. ശ്രീദേവിയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശവും കണ്ടെത്തി.
അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നും വ്യക്തമായി. ശ്വാസകോശത്തില്‍ വെള്ളം കയറിയതുമൂലമുണ്ടായ അപകടകരമായ മുങ്ങിമരണം എന്ന നിലയിലാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് വിശേഷിപ്പിക്കുന്നത്. ശ്രീദേവി ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിമരിക്കുകയായിരുന്നെന്ന് ദുബായ് പോലീസ് ട്വിറ്റര്‍ സന്ദേശത്തില്‍ സ്ഥിരീകരിച്ചതായി ദുബായ് മീഡിയാ ഓഫീസും വ്യക്തമാക്കി.