• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പ്രളയനാളിൽ ജീവൻ രക്ഷിച്ചവർക്ക് ആദരവേകി ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ - പി.പി. ചെറിയാൻ

ഹൂസ്റ്റൺ: ഹൂസ്റ്റൺ: അപ്രതീക്ഷിത പ്രളയത്തിൽ മരണത്തെ മുന്നിൽ കണ്ട നൂറു കണക്കിനാളുകളെ രക്ഷയുടെ കരങ്ങൾ നീട്ടി ജീവനിലേക്ക് നയിച്ചവർക്ക് ആദരവും ക്യാഷ് അവാർഡുകളും നൽകി ഹൂസ്റ്റൺ റാന്നി അസോസിയേഷൻ ആദരിച്ചു

പ്രളയാനന്തര റാന്നിയുടെ ആവശ്യമറിഞ്ഞ് അവസരോചിതമായി ജീവകാരുണ്യം എത്തിച്ചു കൊണ്ടിരിക്കുന്ന ഹൂസ്റ്റൺ റാന്നി അസോസിയേഷനും (HRA) ഗുഡ് സമരിറ്റൻ ചാരിറ്റബൾ ആൻഡ് റിലീഫ് സൊസൈറ്റിയും ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച "പ്രളയാനന്തര റാന്നി" സംവാദ വേദിയിൽ റാന്നി, അങ്ങാടി, പഴവങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ സന്നദ്ധ പ്രവർത്തകരായ 40 പേരെ സർട്ടിഫിക്കറ്റുകളും ക്യാഷ് അവാർഡുകളും നൽകി ആദരിച്ചു.       

85 പേരുടെ രക്ഷകനായ പോലീസ് ഉദ്യോഗസ്ഥൻ തോട്ടമൺ ലക്ഷ്മി ഭവനിൽ ലിജു, 41 പേരെ രക്ഷിച്ച പഴവങ്ങാടി മേലെക്കൂറ്റ് ഗോപകുമാർ, 32 പേരെ രക്ഷിച്ച പുല്ലൂപ്രം എണ്ണയ്ക്കാപ്പള്ളിൽ ബിബിൻ തോമസ്, പമ്പയാറ്റിൽ മുങ്ങിമരിച്ചവക്കൊപ്പമുണ്ടായിരുന്നവരെ രക്ഷിച്ച വിദ്യാർത്ഥി മുണ്ടപ്പുഴ പ്രമാടത്തു അദ്വൈത്‌, 25  പേരെ രക്ഷിച്ച മുണ്ടപ്പുഴ പഴേതിൽ വിനോജ്‌കുമാർ, പുല്ലൂപ്രം എണ്ണയ്ക്കാപ്പള്ളിൽ മാത്യു തോമസ്, ഈട്ടിച്ചുവട് കുറ്റിയിൽ ജേക്കബ്, റെജി ജേക്കബ് കടയ്‌ക്കേത്ത്, ജ്യോതി വേലുകിഴക്കേതിൽ തുടങ്ങിയവർ ശ്രദ്ദേയമായ രക്ഷാപ്രവർത്തനമാണ് നടത്തിയത്. പ്രാദേശികമായ ചെറുസംഘങ്ങളായാണ് രക്ഷാ പ്രവർത്തനം നടത്തിയത്. 

കൈകുഞ്ഞുങ്ങളുമായി അമ്മമാരെയും, ഗർഭിണികളയും സ്‌ട്രെച്ചറിൽ കിടത്തി രോഗികളെയും ഒറ്റപ്പെട്ടു പോയവരെയും ചെറുവള്ളങ്ങളിലും ചങ്ങാടങ്ങളിലും ശ്രമകരമായ പ്രവർത്തനത്തിലൂടെയാണ് പലരും രക്ഷാപ്രവർത്തനം നടത്തിയത്. 

ആന്റോ ആന്റണി എം.പി, കുര്യാക്കോസ് മാർ ഇവാനിയോസ് മെത്രാപോലിത്താ എന്നിവർ രക്ഷകരെ ആദരിച്ചു.   ഇതോടു ചേർന്ന് നടന്ന 'പ്രളയാനന്തര റാന്നി" സംവാദ സമ്മേളനത്തിൽ രാജു എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിച്ചു. റാന്നിയിലെ സാമൂഹ്യ സംസ്കാരിക രാഷ്ട്രീയ നേതാക്കൾ സമ്മേളനത്തിൽ സംബന്ധിച്ചു. ഗുഡ് സമരിറ്റൻ ചാരിറ്റബൾ ആൻഡ് റിലീഫ് സൊസൈറ്റി ചെയർമാൻ ഫാ.ഡോ.ബെൻസി മാത്യു കിഴക്കേതിൽ, ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ സ്ഥാപക പ്രസിഡന്റ് കെ.എസ്, ഫിലിപ്പോസ് പുല്ലമ്പള്ളിൽ, ലീലാമ്മ ഫിലിപ്പോസ് പുല്ലമ്പള്ളിൽ, റെജി പൂവത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.

കടലിനക്കരെയെങ്കിലും കരുണയുടെയും സ്നേഹത്തിന്റെയും കരസ്പർശവുമായി സ്വന്തം നാടിനോടുള്ള സ്നേഹവും കരുതലും പ്രവർത്തിയിലൂടെ പ്രകടമാക്കി ഹൂസ്റ്റൺ റാന്നി അസോസിയേഷൻന്റെ മാതൃകാപരമായ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമായി  മുന്നേറുന്നു. 

റാന്നി സെന്റ് തോമസ് കോളേജ് യൂണിയൻ മുൻ ചെയർമാനും സാമൂഹ്യ-മാധ്യമ പ്രവർത്തകനുമായ HRA പ്രസിഡന്റ് തോമസ് മാത്യു (ജീമോൻ റാന്നി) HRA രക്ഷാധികാരി കൂടിയായ രാജു എബ്രഹാം എം.എൽ.എ യുമായി നടത്തിയ സംഭാഷണത്തെ തുടർന്നാണ് സഹായത്തിന്റെ കരങ്ങൾ തുറന്നത്‌. റാന്നിയിലെ വിവിധ സ്ഥലങ്ങളിൽ ഭഷ്യ-ധാന്യ-വസ്ത്ര കിറ്റുകൾ ആദ്യ ഘട്ടമായി നൽകി. 

ഗുഡ് സമരിറ്റൻ ചാരിറ്റബൾ ആൻഡ് റിലീഫ് സൊസൈറ്റിയുമായി ചേർന്ന് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നടന്നു വരുന്നു. ചെറുകിട തൊഴിൽ നഷ്ടപെട്ടവർക്ക് കൈത്താങ്ങൽ, ജല പ്രളയവുമായി ബന്ധപെട്ട് അപകടങ്ങൾ സംഭവിച്ചവർക്ക് ധനസഹായം നൽകുന്നതിനും കഴിഞ്ഞു. ഒരു വനിതാ തയ്യൽ യൂണിറ്റിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കുന്നതിനും കഴിഞ്ഞു.  30 കുടുംബങ്ങൾക്ക് ഡബിൾ മെത്തയും തലയിണകളും എത്തിച്ചു നൽകി. വെള്ളപ്പൊക്കത്തിൽ ബാഗും കുടയും നഷ്ടപെട്ട നിരവധി കുട്ടികൾക്കു അവ എത്തിച്ചു നൽകി.                                     

8 ലക്ഷം രൂപയുടെ പ്രവത്തനങ്ങളാണ് നടന്നു വരുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഇപ്പോഴും സംഭാവനകൾ ലഭിച്ചു കൊണ്ടിരിക്കുന്നുവെന്നും അറിയിച്ചു.

ജോയ് മണ്ണിൽ, ബാബു കൂടത്തിനാലിൽ (ഉപ രക്ഷാധികാരിമാർ) ജീമോൻ റാന്നി (പ്രസിഡണ്ട്) മാത്യൂസ് ചാണ്ടപ്പിള്ള, ബിജു സഖറിയ, ഷിജു തച്ചനാലിൽ (വൈസ് പ്രസിഡന്റുമാർ), ജിൻസ് മാത്യു കിഴക്കേതിൽ (സെക്രട്ടറി) റോയ് തീയാടിക്കൽ (ട്രഷറർ) ബിനു സഖറിയ, റീന സജി (ജോ. സെക്രട്ടറിമാർ) എന്നിവരടങ്ങു്ന്ന 28 അംഗ കമ്മിറ്റിയാണ് ഹൂസ്റ്റൺ റാന്നി അസോസിയേഷന് നേതൃത്വം നൽകുന്നത്. 

             

Top