• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഇമ്മാനുവേല്‍ മാര്‍തോമ്മാ ഇടവക സില്‍വര്‍ ജൂബിലി സമാപനം ശനിയാഴ്‌ച

മാര്‍ത്തോമാ സഭയുടെ നോര്‍ത്ത്‌ അമേരിക്ക യൂറോപ്പ്‌ ഭദ്രാസനത്തിലെ ഏറ്ററ്വും വലിയ ഇടവകകളിലൊന്നായ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകയുടെ ഒരു വര്‍ഷം നീണ്ടുനിന്ന രജത ജൂബിലി ആഘോഷങ്ങള്‍ക്ക്‌ പരിസമാപ്‌തി കുറിച്ച്‌ നടത്തപ്പെടുന്ന ജൂബിലി സമാപന പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു.

ജൂബിലി സമാപന സമ്മേളനം ഒക്ടോബര്‍ 26 ന്‌ ശനിയാഴ്‌ച ഉച്ചകഴിഞ്ഞു 3 മണിക്ക്‌ ഇമ്മാനുവേല്‍ സെന്ററില്‍ വച്ച്‌ നടത്തപ്പെടും. മാര്‍ത്തോമാ സഭയുടെ പരമാദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപോലിത്ത സമ്മേളനം ഉത്‌ഘാടനം ചെയ്യും. നോര്‍ത്ത്‌ അമേരിക്ക യൂറോപ്പ്‌ ഭദ്രാസനാദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ഐസക്‌ മാര്‍ പീലക്‌സിനോസ്‌ എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിക്കും. സ്റ്റാഫോര്‍ഡ്‌ സിറ്റി മേയര്‍ ലിയോണാര്‍ഡ്‌ സ്‌കാര്‍സെല്ല, ഫോര്‍ട്‌ബെന്‍ഡ്‌ കൗണ്ടി ജഡ്‌ജ്‌ കെ.പി. ജോര്‍ജ്‌, ഫോര്‍ട്‌ബെന്‍ഡ്‌ കൗണ്ടി കോര്‍ട്ട്‌ ജഡ്‌ജ്‌ ജൂലി മാത്യു തുടങ്ങി സാമൂഹ്യ സാംസ്‌കാരിക സാമുദായിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്യും.

സമ്മേളനത്തില്‍ ജൂബിലി മിഷന്‍ പദ്ധതികളുടെയും വിദ്യാഭ്യാസ സഹായ നിധിയുടെയും സമര്‍പ്പണവും ഉണ്ടായിരിക്കും. നിരവധി സന്ദേശങ്ങളും ഈടുറ്റ ലേഖനങ്ങളും ഫോട്ടോകളും ഉള്‍പ്പെടുത്തിയ ജൂബിലി സൂവനീറും പ്രകാശനം ചെയ്യും. ഇടവകയിലെ എല്ലാ കുടുംബങ്ങളുടയും വിവരങ്ങള്‍ ക്രോഡീകരിച്ചു കൊണ്ട്‌ പ്രസിദ്ധീകരിക്കുന്ന ഇടവക ഡയറക്ടറിയും സമ്മേളനത്തില്‍ പ്രകാശനം ചെയ്യും.

ശനിയാഴ്‌ച വൈകുന്നേരം ആറു മണിക്ക്‌ വര്‍ണപ്പകിട്ടാര്‍ന്ന കലാസംസ്‌കാരിക പരിപാടികളും അവതരിപ്പിച്ചുകൊണ്ട്‌ ഇടവകയിലെ കലാകാരികളും കലാകാരന്മാരും ജൂബിലി വേദിയെ ധന്യമാക്കും. തുടര്‍ന്ന്‌ പ്രാത്ഥനയും വിഭവ സമൃദ്ധമായ ഡിന്നറും ഉണ്ടായിരിക്കും.

ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷയ്‌ക്ക്‌ അഭിവന്ദ്യ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപോലിത്ത മുഖ്യ കാര്‍മികത്വം വഹിയ്‌ക്കും. അഭിവന്ദ്യ ഡോ. ഐസക്‌ മാര്‍ പീലക്‌സിനോസ്‌ എപ്പിസ്‌കോപ്പ സഹകാര്‍മികത്വം വഹിയ്‌ക്കും.ഇടവക 25 വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി 25 കുട്ടികള്‍ ആദ്യ വിശുദ്ധ കുര്‍ബാന തിരുമേനിമാരില്‍ നിന്ന്‌ സ്വീകരിയ്‌ക്കും.

1994 സെപ്‌തംബര്‍ 1 ന്‌ 139 കുടുംബങ്ങളുമായി ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകയായി പ്രവര്‍ത്തനം ആരംഭിച്ച്‌ 25 വര്‍ഷങ്ങള്‍ കൊണ്ട്‌ ആത്‌മീകമായും ഭൗതികമായും വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി ചവിട്ടിക്കയറുകയായിരുന്നു. ഇന്ന്‌ സുവിശേഷ, ജീവകാരുണ്യ, മിഷന്‍ പ്രവര്‍ത്തങ്ങളില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളിലാണ്‌ ഇടവകയും ഇടവക ജനങ്ങളും വ്യാപൃതരായിരിക്കുന്നത്‌. ഇന്ന്‌ 450 പരം കുടുംബങ്ങളിലായി 2000 ല്‍ പരം അംഗങ്ങള്‍ ഇടവകയിലുണ്ട്‌. ഏകദേശം 4 മില്യണ്‍ മുടക്കി പണിത ഇമ്മാനുവേല്‍ സെന്റര്‍ ഹൂസ്റ്റണ്‍ നഗരത്തിനു അഭിമാനവും നിരവധി സാംസ്‌കാരിക സമ്മേളനങ്ങള്‍ക്ക്‌ വേദിയുമാണ്‌. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിരവധി കര്‍മ്മ പദ്ധതികള്‍ക്കാണ്‌ ഇടവകയും ഇടവകയിലെ സംഘടനകളും തുടക്കം കുറിച്ചത്‌.

കറ്റാനം, പരുമല ആശുപത്രീകളില്‍ കൂടി 10 പേര്‍ക്ക്‌ ഹൃദയ ശസ്‌തക്രിയ, നിര്‍ധനരായ 48 വിധവകള്‍ക്ക്‌ വിവാഹസഹായം, വിദ്യാഭ്യാസ സഹായം, കൊട്ടാരക്കര ജൂബിലി മന്ദിരം, തൃശൂര്‍ രവിവര്‍മ മന്ദിരം, പിടവൂര്‍ ആശാ ഭവന്‍ തുടങ്ങിയ മന്ദിരങ്ങള്‍ക്കു സഹായം എന്നിവ ചിലതു മാത്രം.

നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനത്തില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന അരിസോണ ന്യൂ മെക്‌സിക്കന്‍ മിഷന്‍ ഫീല്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ ഇമ്മാനുവേല്‍ ഇടവക ഏറ്റെടുത്തു നടത്തും. തമിഴ്‌നാട്ടിലെ 'ഉദുമല്‍പേട്ട' മിഷന്‍ ഫീല്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ക്കു ഇപ്പോള്‍ ഇമ്മാനുവേല്‍ ഇടവകയാണ്‌ നേതൃത്വം നല്‍കുന്നത്‌.

റവ. ഏബ്രഹാം വര്‍ഗീസ്‌ (വികാരി) റവ. സജി ആല്‍ബി ( അസി. വികാരി) തോമസ്‌ ഓ. കീരിക്കാട്ട്‌ (വൈസ്‌ പ്രസിഡണ്ട്‌), ജോസ്‌.കെ.ജോര്‍ജ്‌ (സെക്രട്ടറി) ടി.വി.മാത്യു ( ട്രസ്റ്റി ഫിനാന്‍സ്‌ ) തോമസ്‌ മാത്തന്‍ ( ട്രസ്റ്റി അക്കൗണ്ട്‌സ്‌ ) ജോണ്‍.കെ.ഫിലിപ്പ്‌, മറീന മാത്യു ( ജൂബിലി പ്രോഗ്രാം കണ്‍വീനേഴ്‌സ്‌) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ ആഘോഷങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു. ജൂബിലി ആഘോഷ പരിപാടികള്‍ക്ക്‌ ജാതി മത ഭേദമെന്യേ ഏവരേയും പ്രാര്‍ത്ഥനാപൂര്‍വം ക്ഷണിക്കുന്നുവെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

Top