കോണ്‍ഗ്രസിന്റെ ഉറച്ചസീറ്റായ വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്നത് എങ്ങനെ തെറ്റായ സന്ദേശമാകുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് തെറ്റായ സന്ദേശമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ ചിലകേന്ദ്രങ്ങളില്നിന്നുള്ള വിമര്‍ശനങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബി.ജെ.പിയാണ്. ബി.ജെ.പിക്കെതിരായ പോരാട്ടമാണ് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും നടത്തുന്നത്. ബി.ജെ.പിക്കെതിരായ പോരാട്ടം വേണ്ടെന്ന് തീരുമാനിച്ചത് സി.പി.എമ്മാണ്. ഉമ്മന്‍ചാണ്ടി പറഞ്ഞു.
കോണ്‍ഗ്രസുമായി ഒരു നീക്കുപോക്കും വേണ്ടെന്നാണ് സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനം. രാജസ്ഥാനില്‍ സ്വാധീനമില്ലെന്ന് അറിഞ്ഞിട്ടും സി.പി.എം. ഒറ്റയ്ക്ക് മത്സരിച്ചു. അതിനാല്‍ ആറ് നിയമസഭ സീറ്റുകളില്‍ ബി.ജെ.പി. വിജയിച്ചു. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ നിലപാടാണുള്ളത്. ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.