• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഹിന്ദി സിനിമയുടെ ക്രെഡിറ്റ്‌സ് ഹിന്ദിയില്‍ തന്നെ നല്‍കണം: പുതിയ ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍

ഹിന്ദി സിനിമകള്‍ക്ക് ഹിന്ദിയില്‍ തന്നെ ക്രെഡിറ്റ്സ് നല്‍കണമെന്ന ഉത്തരവുമായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഇംഗ്ലീഷ് അറിയാത്ത ആളുകള്‍ക്കും സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനാണ് ഈ നടപടി എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. ഹിന്ദി സിനിമകള്‍ക്ക് ഹിന്ദിയില്‍ ക്രെഡിറ്റ്സ് വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയം ബോളിവുഡ് സംവിധായകര്‍ക്ക് കത്തയച്ചിട്ടുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലുമായി ദ്വിഭാഷയില്‍ ടൈറ്റില്‍ നല്‍കാമെന്നും കത്തില്‍ പറയുന്നുണ്ട്.

ഒരു മാസത്തിനുള്ളില്‍ ഹിന്ദി ക്രെഡിറ്റ്സ് നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒട്ടുമിക്ക ബോളിവുഡ് സിനിമകളും ക്രെഡിറ്റ്സ് എഴുതി കാണിക്കുന്നത് ഇംഗ്ലീഷിലാണ്. ഈ ഭാഷ അറിയാത്ത സാധാരണക്കാര്‍ക്ക് ഇതൊരു ബുദ്ധിമുട്ടാണെന്ന് മന്ത്രാലയം വിലയിരുത്തി.

എന്നാല്‍, സര്‍ക്കാരിന്റെ ഈ നീക്കത്തോട് സമ്മിശ്രപ്രതികരണമാണ് സിനിമാ മേഖലയില്‍നിന്ന് ഉണ്ടായിരിക്കുന്നത്. ഫ്രഞ്ച്, ചൈനീസ് സിനിമകള്‍ക്ക് ടൈറ്റില്‍ ക്രെഡിറ്റ്സ് അവരുടെ ഭാഷയിലാണെന്നിരിക്കെ ഹിന്ദി സിനിമകള്‍ക്ക് മാത്രം എന്തിനാണ് ഇംഗ്ലീഷ് എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. സിനിമയുടെ ക്രെഡിറ്റ്സ് ശ്രദ്ധിക്കുന്ന ആളുകള്‍ വളരെ കുറവാണെന്നാണ് മറുപക്ഷത്തിന്റെ വാദം. നിര്‍മ്മാതാക്കളുടെ ചെലവ് വര്‍ദ്ധിപ്പിക്കും എന്നല്ലാതെ ഇത് കൊണ്ട് മറ്റ് പ്രയോജനം ഒന്നും ഉണ്ടാകില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ പഹ്ലജ് നിഹ്ലാനിയുടെ നിരീക്ഷണം.

Top