ഫിലാഡല്‍ഫിയ: ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ.എ.സി.എ.) ദേശീയതലത്തില്‍ ഒക്ടോബര്‍ 27 ശനിയാഴ്ച്ച നടത്തിയ ഏകദിന ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫിലാഡല്‍ഫിയാ സീറോമലബാര്‍ ടീം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ഇന്ത്യന്‍ ലാറ്റിന്‍ ടീം റണ്ണര്‍ അപ്പ് ആയി വിജയിച്ചു.
ഫിലാഡല്‍ഫിയ നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബിന്റെ ഇന്‍ഡോര്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ ഐ.എ.സി.എ. ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫാ.റെന്നി കട്ടേല്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ബാള്‍ട്ടിമോര്‍, ന്യൂയോര്‍ക്ക്, കണക്ടിക്കട്ട്, ഫിലാഡല്‍ഫിയാ എന്നിവിടങ്ങളില്‍ നിന്നുള്ള സീറോമലബാര്‍, സീറോമലങ്കര, ഇന്ത്യന്‍ ലാറ്റിന്‍, ക്‌നാനായ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് ഏഴു ടീമുകള്‍ ടൂര്‍ണമെന്റില്‍ മത്സരിച്ചു. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഫിലാഡല്‍ഫിയ സീറോമലബാറിലെ ചുണക്കുട്ടന്മാര്‍ ഇന്‍ഡ്യന്‍ ലാറ്റിന്‍ ടീമിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ചാമ്പ്യന്മാരായ സീറോമലബാര്‍ ടീമിനു ഐ.എ.സി.എ. എവര്‍ റോളിംഗ് ട്രോഫി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഫിലിപ് ജോണ്‍ (ബിജു) നല്‍കി ആദരിച്ചു. സെക്രട്ടറി തോമസ്‌കുട്ടി സൈമണ്‍ റണ്ണര്‍ അപ്പ് ടീമിനുളള ഐ.എ.സി.എ. എവര്‍ റോളിംഗ് ട്രോഫി സമ്മാനിച്ചു. കളിയില്‍ വ്യക്തിഗതമിഴിവു പുലര്‍ത്തിയവര്‍ക്ക് പ്രത്യേക ട്രോഫികളും ലഭിച്ചു.
ആഗോളതലത്തില്‍ പ്രശസ്തിയാര്‍ജിച്ച സ്വര്‍ണവ്യാപാരസ്ഥാപനമായ ജോയ് ആലൂക്കാസ് ആയിരുന്നു ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍. പുതുതായി രൂപീകരിക്കപ്പെട്ട ഐ.എ.സി.എ.യുടെ യുവജനവിഭാഗമാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. സെക്രട്ടറി തോമസ്‌കുട്ടി സൈമണ്‍, ജിതിന്‍ ജോണി, അനീഷ് ജയിംസ് എന്നിവര്‍ക്കൊപ്പം എം. സി. സേവ്യര്‍, ജോസഫ് മാണി, സണ്ണി പടയാറ്റില്‍, ആന്‍ഡ്രൂ കന്നാടന്‍, ഡോ.ബിജു പോള്‍, ഫിലിപ് ജോണ്‍, മെര്‍ലിന്‍ അഗസ്റ്റിന്‍ എന്നിവര്‍ ടൂര്‍ണമെന്റ് ക്രമീകരിക്കുന്നതില്‍ സഹായികളായി.
വാര്‍ത്ത അയച്ചത് : ജോസ് മാളേയ്ക്കല്‍