പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്‌തേക്കും. അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
കേസിലെ പ്രതിയും മുന്‍ പൊതുമരാമത്ത് സെക്രട്ടറിയുമായ ടി ഒ സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം മന്ത്രിയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇബ്രാഹിം കുഞ്ഞിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്. മന്ത്രിയെ വിശദമായി ചോദ്യം ചെയ്‌ത ശേഷം മതി അറസ്റ്റ് സംബന്ധിച്ച് തീരുമാനമെടുക്കല്‍ എന്നാണ് വിജിലന്‍സ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്. ആദ്യഘട്ടത്തില്‍ തെളിവുകള്‍ പരമാവധി ശേഖരിച്ച ശേഷം അറസ്റ്റിലേക്ക് നീങ്ങിയാല്‍ മതിയെന്നാണ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്. അറസ്റ്റ് സംബന്ധിച്ച് നിയമോപദേശം തേടാനും യോഗം തീരുമാനിച്ചു.
അതിനിടെ, കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ടി ഒ സൂരജ് അടക്കമുള്ള പ്രതികളുടെ ജുഡീഷ്യല്‍ റിമാന്‍ഡ് അടുത്തമാസം മൂന്ന് വരെ നീട്ടി. വിജിലന്‍സ് കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.