വിക്കറ്റ് കീപ്പിങ് ഗ്ലൗവിലെ സൈനിക ചിഹ്നം നീക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) രംഗത്തെത്തിയ സംഭവത്തില്‍ ഇന്ത്യന്‍ താരം മഹേന്ദ്രസിങ് ധോണിക്ക് പിന്തുണയുമായി ബിസിസിഐയും കേന്ദ്ര സര്‍ക്കാരും. സൈനിക ചിഹ്നം നീക്കാനുള്ള ഐസിസി ഇടപെടലിന്റെ പശ്ചാത്തലത്തില്‍ ധോണിക്കു പിന്തുണ പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജുവും ബിസിസിഐ ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായിയും രംഗത്തെത്തി. ഇക്കാര്യത്തില്‍ ബിസിസിഐ ധോണിയുടെ ഭാഗത്തു നില്‍ക്കണമെന്നും നിര്‍ദ്ദേശം പിന്‍വലിക്കാന്‍ ഐസിസിയെ പ്രേരിപ്പിക്കണമെന്നും റിജ്ജു ആവശ്യപ്പെട്ടു.
ധോണി തന്റെ വിക്കറ്റ് കീപ്പിങ് ഗ്ലൗവില്‍ സൈനിക ചിഹ്‌നം ധരിച്ചതില്‍ എന്തു രാഷ്ട്രീയമാണുള്ളതെന്ന് കിരണ്‍ റിജ്ജു ചോദിച്ചു. ക്രിക്കറ്റില്‍ എം.എസ്. ധോണിയുടെ വ്യക്തിത്വമെന്നത് രാജ്യത്തിന്റെ വ്യക്തിത്വമാണ്, സൈന്യത്തിന്റെയും വ്യക്തിത്വമാണ്. അതില്‍ രാഷ്ട്രീയമല്ല. അതുകൊണ്ടുതന്നെ ബിസിസിഐ ഇക്കാര്യത്തില്‍ ധോണിക്കൊപ്പമാണ് നില്‍ക്കേണ്ടത്. ഐസിസിയുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിജ്ജു പറഞ്ഞു.
അതേസമയം, സ്വയംഭരണാവകാശമുള്ള സ്വതന്ത്ര കായിക സംഘടനകളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും റിജ്ജു വ്യക്തമാക്കി. 'കായിക സംഘടനകളുടെ ആഭ്യന്തര കാര്യത്തില്‍ തല്‍ക്കാലം കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നില്ല. ബിസിസിഐ ഉള്‍പ്പെടെയുള്ള കായിക സംഘടനകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവയാണ്. അവര്‍ കാര്യങ്ങള്‍ ചെയ്യുന്നതും സ്വന്തമായിട്ടാണെന്നും റിജ്ജു ചൂണ്ടിക്കാട്ടി.
ധോണിയുമായി ബന്ധപ്പെട്ട് ഉടലെടുത്തിട്ടുള്ള വിഷയം രാജ്യത്തിന്റെ അഭിമാനപ്രശ്‌നമാണ്. ഇന്ത്യക്കാരുടെ വികാരങ്ങളെ ബഹുമാനിച്ചു വേണം ബിസിസിഐ ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്താനും ഐസിസിയെ സമീപിക്കാനും. കൃത്യമായ നിലപാട് അവര്‍ ഐസിസിയെ ബോധ്യപ്പെടുത്തണമെന്നും റിജ്ജു നിര്‍ദ്ദേശിച്ചു. ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം ബിസിസിഐയ്‌ക്കു തേടാവുന്നതാണെന്നും റിജ്ജു വ്യക്തമാക്കി.