• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സംസ്ഥാനത്ത് കനത്ത മ‍ഴ; കൊല്ലത്ത് കടലാക്രമണം; ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; കനത്ത ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് മിക്കയിടത്തും കനത്ത മ‍ഴ തുടരുന്നു. മലയോരപ്രദേശങ്ങളില്‍ ഉള്‍പ്പെടേ കനത്ത നാശനഷ്ടം. തിരുവനന്തപുരത്ത് ഇന്നലെ ആരംഭിച്ച മ‍ഴ ഇന്നും തുടരുകയാണ്. മ‍ഴ കനത്തതോടെ തിരുവനന്തപുരത്ത് നെയ്യാര്‍, അരുവിക്കര, പേപ്പാറ അണക്കെട്ടുകള്‍ തുറന്നു.

തിരുവനന്തപുരം നാലാഞ്ചിറയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് ജോര്‍ജ്കുട്ടി ജോണ്‍ (74) മരിച്ചു.രാവിലെ 6 മണിയോടെ പാല്‍ വാങ്ങാനിറങ്ങിയപ്പോഴായിരുന്നു അപകടം.

3 ജില്ലകളില്‍ അവധിയില്‍ പോയ റവന്യു ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു.എറണാകുളം,കോട്ടയം,ഇടുക്കി ജില്ലകളിലെ ഉദ്യോഗസ്ഥരെയാണ് തിരികെ വിളിച്ചത്.റവന്യു മന്ത്രി ലാന്റ് റവന്യു കമ്മീഷ്ണര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്.

കണ്ണൂര്‍ ആറളംവനത്തില്‍ ഉരുള്‍പൊട്ടല്‍, പാലപ്പുഴ പാലത്തില്‍ വെള്ളം കയറി കാക്കയങ്ങാട് ആറളം ഫാം കീഴ്പ്പള്ളി റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. ആറളം ഫാം വളയംചാല്‍ തൂക്കുപാലം ഒഴുക്കിപ്പോയി പുലര്‍ച്ചെയുണ്ടായ കനത്ത മഴയില്‍ ചീങ്കണ്ണിപ്പുഴക്ക് കുറുകെയുള്ള തൂക്കുപ്പാലമാണ് ഒഴുകിപ്പോയത്.

കനത്ത മ‍ഴയെത്തുടര്‍ന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ജലനിരപ്പ് 2395.38 ആയി ഉയര്‍ന്നു. 
ചെറുതോണി പെരിയാര്‍ മേഖലയില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ജല നിരപ്പ് 2395 ആയതോടെ ഇന്നലെ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇടുക്കി ഡാം തുറന്ന് വിടാനുള്ള സാധ്യത കണക്കിലെടുത്താണ് ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഡാമിലെ ജലനിരപ്പ് 2395 ആയതോടെയാണ് ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

ഇടുക്കി ഡാം തുറക്കാനുളള സാധ്യത മുന്‍നിര്‍ത്തി പെരിയാറിന്റെ തീരത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോടും സംയുക്ത യോഗം വിളിച്ച്‌ കൂട്ടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ.ടി ജലീല്‍. ജനങ്ങളെല്ലാം ഒത്തൊരുമിച്ച്‌ ഇത്തരമൊരു പ്രതിസന്ധിയെ നേരിടണമെന്നും അദേഹം പറഞ്ഞു. കനത്ത മഴ ഹജജ് യാത്രക്ക് തടസമാകില്ലെന്നും മന്ത്രി പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷം കനത്ത മണ്‍സൂണ്‍ മഴയാണ് ഇത്തവണ സംസ്ഥാനത്ത് പെയ്തത്. മഴ ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ജലസംഭരണികളും ഡാമുകളും നിറഞ്ഞു.മഴ കനത്ത സാഹചര്യത്തില്‍ രണ്ടര പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇടുക്കി അണക്കെട്ട് വീണ്ടും തുറക്കാനൊരുങ്ങുകയാണ്.

വൃഷ്ടി പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ഡാമിലെ ജവനിരപ്പും തുടര്‍ച്ചയായി ഉയരുകയാണ്. നിലവില്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന്2395.38 അടിയായിരിക്കുകയാണ്.

ഷട്ടര്‍ ഉയര്‍ത്തേണ്ടിവന്നാല്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സേനാ വിഭാഗങ്ങളെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്.

എറണാകുളത്ത് ആലുവ യൂത്ത് ഹോസ്റ്റലില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം നിലയുറപ്പിച്ചിട്ടുണ്ട്. തൃശ്ശൂരിലും ഒരു സംഘം സജ്ജമാണ്. ഒരു സംഘം ഇടുക്കിയിലും എത്തും.

കരസേന, നാവികസേന, വായുസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവ ജാഗരൂകരായി ഇരിക്കുവാനുള്ള സന്ദേശം നല്‍കിക്കഴിഞ്ഞു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം വായു സേനയുടെ ഒരു Mi17V ഹെലികോപ്ടറും ALH ഹെലികോപ്ടറും സദാ സജ്ജമാക്കി വെച്ചിരിക്കുന്നു.

നാവികസേനയെയും കരസേനയുടെ നാല് കോളം പട്ടാളക്കാരെയും വിന്യസിക്കാന്‍ തയ്യാറായി നില്‍ക്കുന്നു. എറണാകുളത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയാല്‍ വിന്യസിക്കാന്‍ സജ്ജമായ ചെറു ബോട്ടുകളുമായി കോസ്റ്റ് ഗാര്‍ഡ് സംഘവും തയ്യാറാണ്.

ഇപ്പോള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ല. അതാത് സമയങ്ങളില്‍ ആവശ്യമായ നിര്‍ദ്ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കുമെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു.

ഷട്ടര്‍ തുറന്ന് കഴിഞ്ഞാല്‍ ജലം ഒഴുകിപ്പോവാന്‍ സാധ്യതയുള്ള നദിക്കരയിലും കുറുകെയുള്ള പാലങ്ങളിലും ജനങ്ങള്‍ കൂടിനില്‍ക്കുന്നതും ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഡാം തുറക്കുന്ന സാഹചര്യത്തില്‍ സെല്‍ഫിയെടുക്കുന്നതോ ഡാമിന്റെ പരിസരങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ സഞ്ചാരികള്‍ എത്തുന്നതും കുറയ്ക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തീരങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിനായുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ ആരംഭിച്ചു.

Top