ന്യൂയോർക്ക്: സെപ്റ്റംബർ 11 ന് നടന്ന ഭീകരാക്രമണത്തിനു ശേഷം മുസ്ലിം സമുദായാംഗങ്ങളെ പ്രത്യേക നിരീക്ഷണത്തിനു വിധേയമാക്കി കൊണ്ടിരുന്ന നടപടി അവസാനിപ്പിക്കാൻ ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ടുമെന്‍റും മുസ്ലിം കമ്യൂണിറ്റി നേതാക്കളും ധാരണയിലെത്തി.
ഏപ്രിൽ 5 നു സിറ്റിയുമായുണ്ടാക്കിയ ധാരണയനുസരിച്ച് സിറ്റിക്കെതിരെ മുസ്ലിം സമുദായം നടത്തിവന്നിരുന്ന കേസിന്‍റെ ചെലവിലേക്ക് ഒരു മില്യണ്‍ ഡോളറും മറ്റു നഷ്ടങ്ങൾക്കായി 75,000 ഡോളറും സിറ്റി നൽകും.
മുസ്ലിം സമുദായാംഗങ്ങൾ എന്ന ഒരു വിഭാഗത്തെ മാത്രം നിരീക്ഷണത്തിനു വിധേയമാക്കുന്ന നടപടി അവസാനിപ്പിക്കാൻ ന്യൂയോർക്ക് സിറ്റി തയാറായതു മറ്റുള്ള സിറ്റികൾക്കു കൂടിയുള്ള ഒരു മുന്നറിയിപ്പാണെന്ന് മുസ്ലിം അഡ്വക്കേറ്റ്സ് എക്സിക്യുട്ടീവ് ഡയറക്ടർ ഫർഹാന കീരാ പറഞ്ഞു.
മുസ്ലിം വിഭാഗത്തിന്‍റെ സിവിൽ റൈറ്റ്സ് സംരക്ഷിക്കപ്പെടുന്നു എന്നതു സ്വാഗതാർഹമെന്നാണ് സെന്‍റർ ഫോർ കോണ്‍സ്റ്റിറ്റ്യൂഷണൽ റൈറ്റ്സ് ലീഗൽ ഡയറക്ടർ ബഹർ അസ്മി അഭിപ്രായപ്പെട്ടു.
ന്യൂയോർക്കിനെ ഏറ്റവും സുരക്ഷിതത്വമുള്ള സിറ്റിയാക്കുന്നതിനും വ്യക്തികളുടെ ഭരണഘടനാവകാശങ്ങൾ നിലനിർത്തുന്നതിനും ഈ ധാരണ പ്രയോജനപ്പെടുമെന്ന് സിറ്റിയിലെ ടോപ് ലോയർ സാക്കറി ഡബ്ല്യൂ കാർട്ടർ പറഞ്ഞു.
(പി.പി. ചെറിയാൻ)