• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഇനി എല്ലാ തൊഴിലും താത്കാലികം

ന്യൂഡല്‍ഹി: ജോലിക്കാര്‍ക്ക് ഒരു നിരാശ വാര്‍ത്ത. ഇനിമുതല്‍ എല്ലാ ജോലികളും താല്‍ക്കാലികം മാത്രമായിരിക്കും. കേന്ദ്ര മന്തിലയമാണ് പുതിയ ഭേദഗതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എല്ലാ വ്യവസായമേഖലകളിലും സ്ഥിരം തൊഴിലിനുപകരം നിശ്ചിതകാല കരാര്‍ തൊഴില്‍ ഏര്‍പ്പെടുത്തുന്നതിനായി 'ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്മെന്റ്(സ്റ്റാന്‍ഡിങ് ഓര്‍ഡേഴ്സ്) കേന്ദ്ര ഭേദഗതി ചട്ടം 2018' തൊഴില്‍മന്ത്രാലയം വിജ്ഞാപനം ചെയ്തു.

1946-ലെ സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ എന്ന നിയമത്തിന്റെ ചട്ടമാണ് തൊഴില്‍മന്ത്രാലയം ഭേദഗതിചെയ്തത്. പുതിയ ചട്ടം വരുന്നതോടെ സംഘടിത മേഖലയില്‍ സ്ഥിരംസ്വഭാവമുള്ള തൊഴില്‍ അവസാനിക്കും. പുതിയ നിയമനങ്ങള്‍ക്കായിരിക്കും ചട്ടം ബാധകമാവുക. നൂറില്‍ക്കൂടുതല്‍ തൊഴിലാളികള്‍ ജോലിചെയ്യുന്നതും മിനിമം വേജസ് ആക്‌ട് ബാധകവുമായ എല്ലാ സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിലും ഇപ്പോള്‍ പിന്തുടരുന്നത് ഈ നിയമമാണ്

പഴയ നിയം ഭേദഗതി ചെയ്തതിനോടൊപ്പം കുറച്ച്‌ നിബന്ധനകളും തെഴില്‍മന്ത്രാലയം മുന്നോട്ട് വയ്ക്കുന്നുണ്ട്. അവ ചുവടെ ചേര്‍ക്കുന്നു..

നിര്‍ദേശങ്ങള്‍

നിലവിലെ സ്ഥിരംതൊഴിലാളിയെ താത്കാലിക, നിശ്ചിതകാല തൊഴിലാളി ആക്കിമാറ്റാന്‍ പാടില്ല.
നിശ്ചിതകാല തൊഴിലാളിയുടെ ജോലിസമയം, ശമ്ബളം, അലവന്‍സുകള്‍ മറ്റാനുകൂല്യങ്ങള്‍ എന്നിവ സ്ഥിരം തൊഴിലാളിയുടേതിനെക്കാള്‍ കുറയരുത്. സ്ഥിരം തൊഴിലാളിക്ക് മറ്റുനിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ അതിനാവശ്യമായ സേവനകാലാവധി നോക്കാതെതന്നെ, സേവനം ചെയ്തകാലത്തിന് ആനുപാതികമായി നല്‍കണം.

ഗ്രാറ്റ്വിറ്റി നല്‍കണം

നിലവിലെ നിയമമനുസരിച്ച്‌, ചുരുങ്ങിയത് അഞ്ചുകൊല്ലം ജോലിയെടുത്താലേ ഗ്രാറ്റ്വിറ്റി ലഭിക്കൂ. എന്നാല്‍, നിശ്ചിതകാല തൊഴില്‍ രണ്ടോ മൂന്നോ വര്‍ഷമാണെങ്കിലും അതനുസരിച്ച്‌ ഗ്രാറ്റ്വിറ്റി നല്‍കണം. ഇപ്പോള്‍ മിക്കവാറും മേഖലകളില്‍ കരാര്‍ ഒന്നോ രണ്ടോ വര്‍ഷത്തേക്കുമാത്രം നല്‍കി പിന്നീട് പുതുക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ ഗ്രാറ്റ്വിറ്റി നല്‍കേണ്ടതില്ല. ഈ സ്ഥിതി മാറും.

രണ്ടാഴ്ചത്തെ നോട്ടീസ് നല്‍കി പിരിച്ചുവിടാം

മൂന്നുമാസം തുടര്‍ച്ചയായി ജോലിചെയ്ത നിശ്ചിതകാല തൊഴിലാളിയെ രണ്ടാഴ്ചത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കി വേണമെങ്കില്‍ പിരിച്ചുവിടാം. മൂന്നുമാസത്തിനകം പിരിച്ചുവിടുകയാണെങ്കില്‍ അതിനുള്ള കാരണം രേഖാമൂലം നല്‍കണം. എന്നാല്‍, താത്കാലിക തൊഴിലാളിയെ ശിക്ഷാനടപടിയുടെ പേരില്‍ ഇത്തരത്തില്‍ പിരിച്ചുവിടരുത്. ശിക്ഷിക്കാനാണ് പിരിച്ചുവിടുന്നതെങ്കില്‍ നേരത്തേ വിശദീകരണം ചോദിക്കണം.

കരാര്‍ പുതുക്കാതിരിക്കുമ്ബോള്‍ തൊഴിലുടമ അതിന്റെ കാരണം വിശദീകരിക്കുകയോ നോട്ടീസ് നല്‍കുകയോ ചെയ്യേണ്ടതില്ല. അവധിയിലുള്ള സ്ഥിരംതൊഴിലാളി തിരിച്ചുവരുമ്ബോള്‍, പകരം നിയമിച്ച താത്കാലിക തൊഴിലാളിയെ പിരിച്ചുവിടാമെങ്കിലും കാരണം രേഖാമൂലം അറിയിക്കണം.

കരാര്‍ത്തൊഴിലാളി നിയമത്തിന് ഭേദഗതിവരും

കരാര്‍ത്തൊഴിലാളി നിയമത്തിലെ പത്താം വകുപ്പിന് സുപ്രധാന ഭേദഗതിയും മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്. സ്ഥിരം സ്വഭാവമുള്ള തൊഴിലുകളെ സ്ഥാപനത്തിന്റെ മുഖ്യപ്രവര്‍ത്തനമെന്നും അല്ലാത്തവയെന്നും രണ്ടായി തിരിക്കാനും മുഖ്യപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത ഇടങ്ങളില്‍ കരാര്‍വ്യവസ്ഥ നടപ്പാക്കാനുമാണ് നിര്‍ദേശം. ഇതില്‍ സമവായമുണ്ടാക്കാന്‍ തൊഴില്‍മന്ത്രി ത്രികക്ഷി ചര്‍ച്ച (തൊഴിലാളി, തൊഴിലുടമ, സര്‍ക്കാര്‍ പ്രതിനിധികള്‍) നടത്തിയെങ്കിലും അത് അലസിപ്പിരിഞ്ഞു.

Top