കട്ടപ്പന: മഴ വീണ്ടും കനത്തതോടെ സംസ്ഥാനത്ത് ദുരിതം വിതച്ച് വ്യാപക ഉരുള്‍പൊട്ടല്‍.
ഇടുക്കി കുഞ്ഞിത്തണ്ണിയില്‍ എല്ലക്കല്‍ പള്ളിയ്ക്ക് സമീപത്ത് ഉരുള്‍ പൊട്ടി ഒരാളെ കാണാതായി. പ്രദേശത്ത് പൊലീസും ഫയര്‍ ഫോഴ്‌സും തിരച്ചില്‍ നടത്തുകയാണ്.
തിരുവനന്തപുരം ജില്ലയുടെ പല ഭാഗത്തും ഉരുള്‍ പൊട്ടിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
വയനാട്ടില്‍ പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി. ബാണാസുര സാഗര്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിത്തുടങ്ങിയത് നിലവില്‍ ഒറ്റപ്പെട്ട സ്ഥിതിയിലുള്ള ജില്ലയെ കൂടുതല്‍ ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്.
അതേസമയം, ശക്തമായ മഴയും പ്രളയവും തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നാളെ വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട്. കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
ശനിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.
ഒഡീഷ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതാണ് കാരണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.