ലോക്സഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനത്തിലുണ്ടായ വര്‍ധന മുന്നണികളുടെ ഉറക്കം കെടുത്തുകയാണ്. കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനമായ 74.04 ശതമാനത്തില്‍ നിന്ന് നല്ല വര്‍ധനയാണ് ഇത്തവണയുണ്ടായിരിക്കുന്നത്. പോളിംഗ് ശതമാനം കൂടുമ്പോള്‍ അതിന്റെ ആനുകൂല്യം തങ്ങള്‍ക്കായിരിക്കുമെന്ന് ഓരോ മുന്നണിയും പ്രതീക്ഷിക്കുന്നു.
വയനാട്ടിലുണ്ടായ കനത്ത പോളിംഗ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് തന്നെയാണ്. രാഹുലിന്റെ കേരളത്തിലേക്കുള്ള വരവ് യു ഡി എഫിനെ പൊതുവേ ഊര്ജസ്വലരാക്കിയുരുന്നു. ഇതിനെ മറികടക്കാന്‍ എല്‍ ഡി എഫും ശക്തമായി പ്രവര്‍ത്തിച്ചു. ഇതാവാം പോളിംഗ് ശതമാനത്തിലുണ്ടായ വര്‍ധനക്ക് കാരണമെന്ന് കണക്കാക്കുന്നു. ഒപ്പം എന്‍ ഡി എയുടെ ശക്തമായ സന്നിധ്യവും മണ്ഡലങ്ങളില്‍ ത്രികോണമത്സരം സൃഷ്ടിച്ചു. ബി ജെ പിക്ക് വിജയപ്രതീക്ഷ നല്കുന്ന തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ മുന്‍തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കനത്ത പോളിംഗ് ആയിരുന്നു.
സാധാരണ പോളിംഗ് ശതമാനം കൂടുമ്പോള്‍ അതിന്റെ ഗുണഫലം യു ഡി എഫിനാണ് ലഭിക്കാറുള്ളത്. എല്‍ ഡി എഫിന്റെ വോട്ടുകള്‍ പാര്‍ട്ടി സംവിധാനം ഉപയോഗിച്ച് പോള്‍ ചെയ്യിക്കുക പതിവാണ്. വോട്ട് ചെയ്യാതെ പോകുന്നത് യു ഡി എഫിന്റേതായിക്കും. എന്നാല്‍, ഇത്തവണ ഉണ്ടായ പോളിംഗ് വര്‍ധന ഇടതുപക്ഷത്തെ അസ്വസ്ഥരാക്കുന്നു. വോട്ടിംഗ് ശതമാനം നോക്കുമ്പോള്‍ തിരുവനന്തപുരം മണ്ഡലം 70 ശതമാനത്തില്‍ താഴെയാണ് പൊതുവേ രേഖപ്പെടുത്തുന്നത്. 2009ല്‍ 65.73 ആയിരുന്നു പോളിംഗ് ശതമാനം. 2014ല്‍ 68.69 ശതമാനവും. ഇത്തവണ 70 ശതമാനത്തിന് മുകളിലേക്ക് പോയെന്നത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും. പുതിയ വോട്ടര്‍മാരുടെ കടന്നുവരവ് ആര്‍ക്ക് അനുകൂലമാകുമെന്ന് മുന്നണികള്‍ക്ക് പ്രവചിക്കാനാവുന്നില്ല. ഈ വോട്ടുകളില്‍ ഏറെ പ്രതീക്ഷ വെക്കുന്നത് ബി ജെ പിയാണ്. വോട്ടിംഗ് ശതമാനത്തില്‍ പത്തനംതിട്ട മണ്ഡലത്തിലാണ് അത്ഭുതകരമായ വര്‍ധന രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തേതില്‍ നിന്ന് എട്ട് ശതമാനത്തോളം വര്‍ധനയാണ് ഇത്തവണയുണ്ടായിരിക്കുന്നത്.
വാശിയേറിയ മത്സരം നടന്ന കണ്ണൂര്‍, വടകര, ആറ്റിങ്ങല്‍, ആലത്തൂര്‍, തൃശൂര്‍ മണ്ഡലങ്ങളിലും വലിയ വോട്ട് വര്‍ധനയാണ് വന്നിട്ടുള്ളത്. ഇത്തവണ വോട്ടര്‍മാര്‍ക്ക് ചിലത് പറയാനുണ്ടെന്ന വാശിയിലായിരുന്നു പോളിംഗ് ബൂത്തിലേക്ക് വോട്ടര്‍മാര്‍ ഒഴുകിയത്.