രാജ്യത്തെ ജനസംഖ്യാ വര്‍ധന ആശങ്കപ്പെടുത്തുന്നുവെന്നു സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കണം. ചെറിയ കുടുംബങ്ങളാകണമെന്നും അങ്ങനെ രാജ്യസ്‌നേഹത്തിന്റെ ഭാഗമാകണമെന്നും ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും നിറവേറ്റാന്‍ കഴിയുന്നുണ്ടോയെന്ന് ചിന്തിക്കണം. നിങ്ങളോട് ശരിയായ കുടുംബാസൂത്രണം നടപ്പാക്കാന്‍ ആവശ്യപ്പെടുകയാണ്. ചെറിയ കുടുംബത്തിനു കൂടുതല്‍ സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കും. ചെറിയ കുടുംബങ്ങളാവുക എന്നത് രാജ്യസ്‌നേഹത്തിന്‍റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജനസംഖ്യാ വിസ്‌ഫോടനം നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇക്കാര്യത്തില്‍ നമുക്ക് ആശങ്കയുണ്ടാകണം. കേന്ദ്രവും സംസ്ഥാനങ്ങളും ജനസംഖ്യാ നിയന്ത്രണത്തിനു പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണം. ഒരു കുഞ്ഞിനു ജന്‍മം നല്‍കുന്നതിനു മുന്‍പ് ആ കുഞ്ഞിനോട് നീതി പുലര്‍ത്താന്‍ കഴിയുമോയെന്നു ചിന്തിക്കണം. കശ്‌മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കും. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും അവ വലിച്ചു നീട്ടാനും സര്‍ക്കാരിനു താല്‍പര്യമില്ല. 70 വര്‍ഷം കൊണ്ട് നടപ്പാക്കാനാകാത്തത് 70 ദിവസം കൊണ്ട് നിറവേറ്റിയെന്നും മോദി പറഞ്ഞു.