ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് നികുതി ഉയര്‍ത്തിയ യുഎസ് നടപടിക്കു മറുപടിയായി, യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന 29 ഇനം ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ അധിക ഇറക്കുമതിത്തീരുവ ചുമത്താന്‍ തീരുമാനിച്ചു.
ഇന്ത്യയില്‍നിന്നുള്ള വിവിധ ഉല്‍പന്നങ്ങള്‍ക്ക് യുഎസില്‍ നികുതി ഒഴിവ് നല്‍കിയിരുന്ന 'പ്രത്യേക പരിഗണനാ രീതി' കഴിഞ്ഞയാഴ്‌ച ട്രംപ് ഭരണകൂടം എടുത്തുകളഞ്ഞിരുന്നു. ഇതോടെയാണ് ഇന്ത്യ യുഎസില്‍നിന്നുള്ള ബദാം, ആപ്പിള്‍ അടക്കമുള്ള ഉല്‍പന്നങ്ങള്‍ക്കു നികുതി ഉയര്‍ത്താന്‍ ഒരു വര്‍ഷം മുന്‍പ് എടുത്ത തീരുമാനം ഇപ്പോള്‍ നടപ്പാക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍നിന്നുള്ള സ്റ്റീലിനും അലുമിനിയത്തിനും യുഎസ് ഇറക്കുമതിത്തീരുവ ഉയര്‍ത്തിയതിനെത്തുടര്‍ന്നാണ് 29 ഇനം അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കു നികുതി ഉയര്‍ത്താന്‍ ഇന്ത്യ തീരുമാനിച്ചത്. എന്നാല്‍ കഴിഞ്ഞ ജൂണിലെടുത്ത ആ തീരുമാനം ഇതുവരെയും നടപ്പാക്കിയിരുന്നില്ല; ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനായിരുന്നു ശ്രമം. യുഎസ് ഇങ്ങനെ കൂടുതല്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കു നികുതി ചുമത്തിയ സാഹചര്യത്തില്‍ ഇന്ത്യ ആ പാത പിന്തുടരുകയാണ്. ഇതുവഴി ഒരു വര്‍ഷം 21.7 കോടി ഡോളര്‍ അധിക നികുതി വരുമാനം ഇന്ത്യയ്‌ക്കു കിട്ടും.
വാല്‍നട്ടിന് 30 ശതമാനം ആയിരുന്ന ഇറക്കുമതി നികുതി 120 ശതമാനം ആകും. കടല തുടങ്ങിയ ചില പരിപ്പിനങ്ങള്‍ക്ക് 30 ശതമാനം ആയിരുന്നത് 70 ശതമാനം ആകും. രാസവസ്‌തുക്കള്‍, സ്റ്റീല്‍ ഉല്‍പന്നങ്ങള്‍, നട്ട്, ബോള്‍ട്ട്, പൈപ്പ് ഫിറ്റിങ്‌സ് തുടങ്ങിയവയൊക്കെ നികുതി ഉയരുന്നവയുടെ പട്ടികയിലുണ്ട്. യുഎസില്‍നിന്ന് ഏറ്റവുമധികം ബദാം വാങ്ങുന്നത് ഇന്ത്യയാണ്. ആപ്പിള്‍ വാങ്ങുന്നതില്‍ രണ്ടാം സ്ഥാനവും. ഇവയ്‌ക്കൊക്കെ ഇവിടെ വില ഉയരാന്‍ വഴിയൊരുങ്ങുകയാണ്. 2017-18�ല്‍ ഇന്ത്യ അമേരിക്കയിലേക്ക് 4790 കോടി ഡോളറിന്റെ കയറ്റുമതി നടത്തിയപ്പോള്‍, അവിടെനിന്നുള്ള ഇറക്കുമതി 2670 കോടി ഡോളറിന്റേതാണ്.