ന്യൂഡൽഹി∙ റഫാൽ വിമാന ഇടപാടിൽ അഴിമതി ആരോപിച്ചു പ്രതിപക്ഷം രൂക്ഷ വിമർശനം തുടരുന്നതിനിടെ, പ്രതിരോധ രംഗത്തുൾപ്പെടെ ഇന്ത്യയും ഫ്രാൻസും തമ്മിൽ 14 കരാറുകൾ ഒപ്പുവച്ചു. ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് 14 കരാറുകളിൽ ഒപ്പുവച്ചത്. പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപ മേഖലകളിലൂന്നിയുള്ളതാണു കരാറുകളെല്ലാം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി റാം നാഥ് കോവിന്ദ് എന്നിവർ ചേർന്നു രാഷ്ട്രപതി ഭവനിൽ മക്രോയ്ക്കും ഭാര്യ മേരി ക്ലോഡ് മക്രോയ്ക്കും നൽകിയ ഊഷ്മളമായ സ്വീകരണത്തിനുശേഷമായിരുന്നു ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ ഉഭയകക്ഷി ചർച്ച നടന്നത്. കൂടിക്കാഴ്ചയ്ക്കുശേഷം ഇരുവരും മാധ്യമങ്ങൾക്കു മുന്നിൽ സംയുക്ത പ്രസ്താവന നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലൂടെ പുതിയ കാലഘട്ടത്തിനാണ് ഫ്രാന്‍സ് ലക്ഷ്യമിടുന്നതെന്നും ഇമ്മാനുവല്‍ മക്രോണ്‍ വ്യക്തമാക്കിയിരുന്നു. ഫ്രാന്‍സിനെ സംബന്ധിച്ച് ഇന്ത്യ എപ്പോഴും പ്രധാനപ്പെട്ട രാജ്യം തന്നെയാണ്. ഇന്ത്യ മേഖലയിലെ ഫ്രാന്‍സിന്റെ സഖ്യകക്ഷിയും ദക്ഷിണേഷ്യയിലേക്കുള്ള തങ്ങളുടെ പ്രവേശനകവാടവുമാണെന്നും അദ്ദേഹം പറഞ്ഞു, യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനകവാടമായി മാറാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം രാഷ്ട്രപതി ഭവനില്‍ നടന്ന സ്വീകരണ ചടങ്ങില്‍ പറഞ്ഞിരുന്നു.
സൈനികേതര ആണവ സഹകരണം, സൗരോര്‍ജം, റെയില്‍വേ, മെട്രോ റെയില്‍, ബഹിരാകാശം, നാവിക സഹകരണം തുടങ്ങിയ നിരവധി കരാറുകള്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഒപ്പിട്ടു. 40 ഓളം വ്യവസായ പ്രമുഖരാണ് ഇമ്മാനുവല്‍ മക്രോണിനൊപ്പം ഇന്ത്യയിലെത്തിയിട്ടുള്ളത്.