ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ ഷോപിയാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിനിടെ ഗ്രാമവാസിയായ ഒരു കുട്ടി വെടിയേറ്റു മരിച്ചുവെന്നും രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റുവെന്നും ജമ്മു കശ്മീര്‍ ഡിജിപി എസ്.പി വൈദ് അറിയിച്ചു. ഷക്കീര്‍ അഹമ്മദ് (17) എന്ന കുട്ടിയാണ് ഏറ്റുമുട്ടലിനിടെ വെടിയേറ്റു മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഷോപിയാന്‍ ജില്ലയിലെ ദെയ്‌റോയിലുള്ള സായ്ഗുണ്ഡ് പ്രദേശത്താണ് ബുധനാഴ്ച സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്.
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍നിന്ന് ആയുധങ്ങള്‍ സൈന്യം കണ്ടെടുത്തു. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഉണ്ടാകാമെന്ന നിഗമനത്തില്‍ വ്യാപകമായ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സൈനികരെ സ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഏറ്റുമുട്ടല്‍ രാത്രി വൈകിയും തുടരുന്നുവെന്നാണ് കശ്മീര്‍ ഡി.ജി.പി വ്യക്തമാക്കിയിട്ടുള്ളത്.
രാഷ്ട്രീയ റൈഫിള്‍സ്, സി.ആര്‍.പി.എഫ്, കശ്മീര്‍ പോലീസ് എന്നിവര്‍ ചേര്‍ന്നാണ് ഭീകരരെ നേരിട്ടത്. പാക് സൈന്യം തുടര്‍ച്ചയായി നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് പിന്നാലെയാണ് ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍. പാക് സൈന്യം കഴിഞ്ഞ ദിവസം നടത്തിയ വെടിവെപ്പില്‍ മലയാളി സൈനികന്‍ അടക്കമുള്ളവര്‍ വീരമൃത്യു വരിച്ചിരുന്നു. 2017 ല്‍ മാത്രം 860 തവണ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.