കശ്‌മീര്‍ വിഷയത്തില്‍ പാക്ക് ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ഇന്ത്യ. പാക്ക് പിന്തുണയുള്ള ഭീകരപ്രവര്‍ത്തനമാണ് കശ്‌മീരിന്റെ ദുരവസ്ഥയ്‌ക്കു കാരണം. കശ്‌മീര്‍ വിഷയത്തില്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാക്കിസ്ഥാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഇന്ത്യ.
ആഗോള ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്നാണ് കെട്ടിച്ചമച്ച ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നതെന്ന് ലോകത്തിന് ബോധ്യമുണ്ട്. നയതന്ത്രത്തിന്റെ ഭാഗമെന്നോണമാണ് ആ രാജ്യം അതിര്‍ത്തി കടന്നുള്ള ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത്. പാക്കിസ്ഥാന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (ഈസ്റ്റ്) വിജയ് ഠാക്കൂര്‍ സിങ്ങിന്റെ പരാമര്‍ശം.
കശ്‌മീര്‍ ഇന്ത്യയുടെ മാത്രം വിഷയമാണ്. മറ്റൊരു രാജ്യത്തിനു കശ്‌മീര്‍ വിഷയത്തില്‍ ഇടപെടാന്‍ അവകാശമില്ല. ജമ്മുകശ്‌മീരിന്‍റെ പ്രത്യേക പദവി നീക്കിയത് പാര്‍ലമെന്റിലെ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണ്. കശ്‌മീരിന്റെ സാമ്പത്തിക, സാമൂഹിക വികസനത്തിനാണ് സര്‍ക്കാര്‍ ഈന്നല്‍ നല്‍കുന്നത്.
വംശീയ ഉന്മൂലനമാണ് കശ്‌മീരില്‍ ഇന്ത്യ ലക്ഷ്യമിടുന്നതെന്നായിരുന്നു യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയുടെ ആരോപണം.