പോര്‍ട്ട് എലിസബത്ത്: അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ വീഴ്തി കോഹ്‌ലിയും സംഘവും ചരിത്രമെഴുതി. ഇതോടെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യമായി ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. 73 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 42.2 ഓവറില്‍ 201 റണ്‍സിലവസാനിച്ചു.
കൈക്കുഴ സ്പിന്നിന്റെ മാന്ത്രികത വീണ്ടെടുത്ത കുൽദീപ് യാദവ്–യുസ്‌വേന്ദ്ര ചാഹൽ സഖ്യം വീണ്ടും ഇന്ത്യയുടെ വിജയശിൽപികളാകുന്നതിനും മൽസരം സാക്ഷ്യം വഹിച്ചു. ജെ.പി. ഡുമിനി, എബി ഡിവില്ലിയേഴ്സ് എന്നിവരെ പുറത്താക്കി ഹാർദിക് പാണ്ഡ്യ ഉഴുതുമറിച്ച മണ്ണിലായിരുന്നു കുൽദീപ്–ചാഹൽ സഖ്യത്തിന്റെ വിളവെടുപ്പ്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ആദ്യമായി സെഞ്ചുറി കുറിച്ച രോഹിത് ശർമയുടെ പ്രകടനവും നിർണായകമായി. കുൽദീപ് യാദവ് 10 ഓവറിൽ 57 റൺസ് വഴങ്ങി നാലും ചാഹൽ 9.2 ഓവറിൽ 43 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. പാണ്ഡ്യ ഒൻപത് ഓവറിൽ 30 റൺസിന് രണ്ടു വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ബുംമ്ര ഒരു വിക്കറ്റ് നേടി.