ജൊഹാനസ്ബർഗ്∙ തുടർച്ചയായ നാലാം ഏകദിനവും ജയിച്ച് ദക്ഷിണാഫ്രിക്കയിലെ ആദ്യ ഏകദിന പരമ്പര നേട്ടം സ്വന്തമാക്കാൻ മോഹിച്ചിറങ്ങിയ ടീം ഇന്ത്യയ്ക്കു തിരിച്ചടി. മഴയും മിന്നലും ഇടവേളകളിൽ രസം കെടുത്തിയ ജൊഹാനസ്ബർഗ് ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചു വിക്കറ്റിന്റെ ജയം. മഴ നിയമപ്രകാരം പുനർനിർണയിച്ച 202 റണ്‍സെന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 15 പന്തുകൾ ബാക്കിനിൽക്കെ സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 289 റൺസ് നേടിയിരുന്നു.നൂറാം മത്സരത്തില്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെ(109) റെക്കോഡ് പ്രകടനം പാഴായി.
മഴമൂലം മത്സരം സമയം നഷ്ടപ്പെട്ടതിനാല്‍ ഡക്ക്വര്‍ത്ത് ലൂയി നിയമപ്രകാരം വിജയം ലക്ഷ്യം പുനര്‍നിര്‍ണയിച്ചപ്പോള്‍ 28 ഓവറില്‍ 202 റണ്‍സാണ് ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. 15 പന്ത് ബാക്കിനില്‍ക്കെ അവര്‍ ലക്ഷ്യം നേടി. പരമ്പരയിലെ അഞ്ചാം മത്സരം ചൊവ്വാഴ്ച പോര്‍ട്ട് എലിസബത്തില്‍ നടക്കും. സ്കോര്‍:ഇന്ത്യ 50 ഓവറില്‍ 7ന് 289; ദക്ഷിണാഫ്രിക്ക 25.3 ഓവറില്‍ 5ന് 207.