ഇറാനില്‍നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ നിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇറാനുമായുള്ള ഇന്ധന വ്യാപാരം അവസാനിപ്പിക്കാനായി സൗഹൃദ രാജ്യങ്ങള്‍ക്ക് അമേരിക്ക നല്‍കിയ സമയപരിധി നാളെ അവസാനിക്കുന്നതിനാലാണ് ഈ നീക്കം.
ഇന്ത്യ ഏറ്റവും കൂടുതല്‍ ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാമതാണ് ഇറാന്‍. അവിടെനിന്നുള്ള ഇറക്കുമതി നിര്‍ത്തുന്നത് രാജ്യത്തെ ഇന്ധന വില വര്‍ധനവിന് കാരണമാകും. കഴിഞ്ഞ നവംബറില്‍ ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് പിന്മാറിയ അമേരിക്ക ഇറാന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ ഇറാനുമായുളള എല്ലാ വ്യാപാരങ്ങളില്‍നിന്നും പിന്മാറാന്‍ ഇന്ത്യയടക്കമുള്ള സൗഹൃദ രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇറാനില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ഇന്ത്യയടക്കമുള്ള എട്ട് രാജ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇളവ് അനുവദിച്ചിരുന്നു. ഇതിന്റെ കാലാവധിയാണ് നാളെ അവസാനിക്കുന്നത്. നിലവില്‍ ഇറാന് പുറമെ യു.എ.ഇ, സൗദി, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ ഇന്ധന ഇറക്കുമതി ചെയ്യുന്നത്.
കാലാവധി അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഫോണില്‍ ചര്‍ച്ച നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇറക്കുമതി നിര്‍ത്തിയാല്‍ ഇന്ത്യയില്‍ വിലവര്‍ധനവുണ്ടാകുമെന്ന ആശങ്ക വിദേശകാര്യ മന്ത്രാലയം അമേരിക്കയെ അറിയിച്ചുവെന്നാണ് വിവരം.