അടുത്തയാഴ്‌ച ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഒന്‍പതാമത് ഇന്ത്യയുഎസ് ഡിഫന്‍സ് ടെക്‌നോളജീസ് ആന്‍ഡ് ട്രേഡ് ഇനിഷ്യേറ്റീവ് (ഡിടിടിഐ) ഗ്രൂപ്പ് മീറ്റിങ്ങിനു മുന്നോടിയായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ വ്യാപാരം ഈ വര്‍ഷം അവസാനത്തോടെ 18 ബില്യന്‍ യുഎസ് ഡോളറിലെത്തുമെന്ന് യുഎസ് പ്രതിരോധ അണ്ടര്‍സെക്രട്ടറി എല്ലെന്‍ എം.ലോര്‍ഡ്.
സൈനിക ബന്ധങ്ങളും സഹകരണവും വര്‍ധിപ്പിക്കുന്നതിനൊപ്പം ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനും യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ പറഞ്ഞു. 2008ല്‍ പൂജ്യമായിരുന്ന ഉഭയകക്ഷി പ്രതിരോധ വ്യാപാരം ഈ വര്‍ഷാവസാനം 18 ബില്യന്‍ യുഎസ് ഡോളറിലെത്തുമെന്നും ലോര്‍ഡ് മാധ്യമങ്ങളോടു പറഞ്ഞു. ഒന്‍പതാമത് ഇന്ത്യ യുഎസ് ഡിടിടിഐ ഗ്രൂപ്പ് മീറ്റിങ്ങിന്റെ ഉപസെക്രട്ടറിയായ ലോര്‍ഡ് അടുത്തയാഴ്‌ച ന്യൂഡല്‍ഹിയിലെത്തും. ഇന്ത്യന്‍ പ്രതിരോധ പങ്കാളിയുമായി തുടര്‍ന്നും പ്രവര്‍ത്തിക്കുന്നതില്‍ സന്തുഷ്ടയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഓഗസ്റ്റില്‍ യുഎസ് ഇന്ത്യയ്‌ക്കു സ്‌ട്രാറ്റജിക് ട്രേഡ് അതോറിറ്റി ടയര്‍ 1 പദവി നല്‍കിയതു കൂടുതല്‍ സപ്ലൈ ചെയിന്‍ കാര്യക്ഷമത നല്‍കി. സാങ്കേതികത്തികവുള്ള ഉല്‍പന്നങ്ങള്‍ ഇന്ത്യയിലേക്കു കയറ്റുമതി ചെയ്യാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിച്ചു, അദ്ദേഹം പറഞ്ഞു. നാറ്റോ സഖ്യകക്ഷികളായ ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ എന്നിവയുടെ അതേ അംഗീകാരം ഇത് ഇന്ത്യയ്‌ക്കും നല്‍കുന്നു. ഇന്തോപസഫിക്കിനായി അമേരിക്കയും ഇന്ത്യയും ഉഭയകക്ഷിപരമായും സമാന ചിന്താഗതിക്കാരായ മറ്റു പങ്കാളികളുമായും സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് ഈ ഉദാഹരണങ്ങള്‍ കാണിക്കുന്നു. അടുത്തിടപഴകാനുള്ള സന്നദ്ധതയാണു വ്യക്തിപരമായി ഇന്ത്യയില്‍ കണ്ടതെന്നും ലോര്‍ഡ് പറഞ്ഞു.