കൊളംബോ: അവസാന പന്ത് വരെ ആവേശം നിറഞ്ഞ നിദാഹാസ് ത്രിരാഷ്ട്ര ടിട്വന്റി ടൂര്‍ണമെന്റ് ഫൈനലില്‍ ബംഗ്ലാദേശിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യക്ക് കിരീടം. മത്സരം കൈവിടുമെന്ന സാഹചര്യത്തില്‍ അവസാന രണ്ട് ഓവറില്‍ കത്തിക്കയറിയ ദിനേശ് കാര്‍ത്തികിന്റെ മാസ്മരിക ബാറ്റിങ്ങ് പ്രകടനമാണ് (8 പന്തില്‍ 29 റണ്‍സ്) ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ജയിക്കാന്‍ അവസാന പന്തില്‍ 5 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യക്കായി സിക്‌സ് പായിച്ചാണ് ദിനേശ് കാര്‍ത്തിക് ബംഗ്ലാദേശില്‍നിന്ന് വിജയം തട്ടിയെടുത്തത്. കാര്‍ത്തിക് ഒറ്റയ്ക്ക് 22 റണ്‍സ് അടിച്ചെടുത്ത പത്തൊമ്പതാം ഓവറാണ് കളിയില്‍ വഴിത്തിരിവായത്. 12 പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന 34 റണ്‍സില്‍ 29 റണ്‍സും കാര്‍ത്തികിന്റെ ബാറ്റില്‍ നിന്നായിരുന്നു. സ്‌കോര്‍; ബംഗ്ലാദേശ് - 20 ഓവറില്‍ 166/8. ഇന്ത്യ - 20 ഓവറില്‍ 168/4.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ മികച്ച തുടക്കമാണ് നല്‍കിയത്. 42 പന്തില്‍ 56 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. എന്നാല്‍ മധ്യ ഓവറുകളില്‍ അധികം റണ്‍സ് വിട്ടുകൊടുക്കാതെ വിക്കറ്റുകള്‍ പിഴുതെടുത്ത് ബംഗ്ലാദേശ് മത്സരത്തിലേക്ക് തിരിച്ചുവന്നു. ബംഗ്ലാദേശ് വിജയം ഉറപ്പിച്ച സമയത്താണ് 19-ാം ഓവറിന്റെ തുടക്കത്തില്‍ കാര്‍ത്തിക് ഇറങ്ങിയത്. 8 പന്ത് നേരിട്ട കാര്‍ത്തിക് മൂന്ന് സിക്‌സും രണ്ട് ഫോറും അടിച്ചാണ് ഇന്ത്യക്ക് അപ്രതീക്ഷിത വിജയം നല്‍കിയത്. 14 പന്തില്‍ 24 റണ്‍സെടുത്ത രാഹുലും 27 പന്തില്‍ 28 റണ്‍സെടുത്ത മനീഷ് പാണ്ഡെയും വിജയത്തില്‍ നിര്‍ണായകമായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് അര്‍ധസെഞ്ച്വറി നേടിയ സാബിര്‍ റഹ്മാന്റെ (50 പന്തില്‍ 77 റണ്‍സ്) ചിറകിലേറിയാണ് 166 റണ്‍സിലെത്തിയത്. മൂന്ന് വിക്കറ്റ് പിഴുതെടുത്ത ചഹാലിന്റെയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജയദേവ് ഉതദ്കഠിന്റെയും മികച്ച ബൗളിങ്ങാണ് ബംഗ്ലാദേശിനെ 170 റണ്‍സ് കടക്കാതെ ഒതുക്കിയത്. വാഷിംങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി. പരമ്പരയിലെ താരവും വാഷിംങ്ടണ്‍ സുന്ദറാണ്. ബംഗ്ലാ കടുവകളെ അടിച്ചുപരത്തി വിജയം പിടിച്ചെടുത്ത ദിനേശ് കാര്‍ത്തികാണ് കളിയിലെ താരം.