പൂന: വിരാട് കോഹ്ലി ഹാട്രിക് സെഞ്ചുറി നേടിയ മത്സരത്തില്‍ ഇന്ത്യക്കു തോല്‍വി. പരന്പരയിലെ മൂന്നാം മത്സരത്തില്‍ 43 റണ്‍സിനാണ് ഇന്ത്യ വെസ്റ്റ്ഇന്ഡീസിനോടു പരാജയപ്പെട്ടത്. വിന്‍ഡീസ് ഉയര്‍ത്തിയ 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 240 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ പരന്പര 1-1 എന്ന നിലയിലായി. രണ്ടാം ഏകദിനം സമനിലയിലായിരുന്നു.
107 റണ്‍സ് നേടിയ നായകന് വിരാട് കോഹ്ലിക്കു മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പൊരുതാനെങ്കിലും കഴിഞ്ഞത്. 110 പന്തില്‍ 10 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് കോഹ്ലി സെഞ്ചുറി തികച്ചത്. ഏകദിനത്തില്‍ കോഹ്ലിയുടെ 38-ാം സെഞ്ചുറിയാണിത്. പരന്പരയിലെ ആദ്യ ഏകദിനത്തിലും (140) രണ്ടാം ഏകദിനത്തിലും (157*) കോഹ്ലി സെഞ്ചുറി നേടിയിരുന്നു. രോഹിത് ശര്‍മ (8), ശിഖര്‍ ധവാന് (35), അന്പാട്ടി റായിഡു (22), റിഷഭ് പന്ത് (24), എം.എസ്.ധോണി (7), ഭുവനേശ്വര്‍ കുമാര്‍ (10), യുസ്വേന്ദ്ര ചാഹല്‍(3), ഖലീല്‍ അഹമ്മദ്(3), ജസ്പ്രീത് ബുംറ(0) എന്നിങ്ങനെയാണ് പുറത്തായ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ സംഭാവന. കുല്‍ദീപ് യാദവ് 15 റണ്‍സുമായി പുറത്താകാതെനിന്നു.
ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സ് നേടി. 95 റണ്‍സ് നേടിയ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന് ഷെയ് ഹോപ്പിനു പുറമേ വാലറ്റത്തു തകര്‍ത്തടിച്ച ആഷ്ലി നഴ്സി (22 പന്തില്‍ 40) ന്റെ പ്രകടനവും വിന്‍ഡീസ് ഇന്നിംഗ്സില്‍ നിര്‍ണായകമായി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാലു വിക്കറ്റ് നേടി.
ടോസ് നേടിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി വിന്‍ഡീസിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. 55 റണ്‍സ് എടുക്കുന്നതിനിടെ മൂന്നു മുന്‍ നിര വിക്കറ്റുകള്‍ നഷ്ടമായ വിന്‍ഡീസിനെ ഹോപ്പും കഴിഞ്ഞ മത്സരത്തിലെ ഹീറോ ഷിംറോന്‍ ഹെറ്റ്മയെറും ചേര്‍ന്നു കരകയറ്റി. കീറോണ്‍ പവല്‍ (21), ഹോംരാജ് (15) എന്നിവര്‍ ബുംറയ്ക്ക് ഇരയായപ്പോള്‍, മര്‍ലോണ്‍ സാമുവല്സി (9) നെ ഖലീല്‍ അഹമ്മദ് പുറത്താക്കി. നാലാം വിക്കറ്റില്‍ ബൗളര്‍മാരെ കടന്നാക്രമിച്ച് റണ്‍സ് സ്കോര്‍ ചെയ്ത ഹെറ്റ്മയര്‍ക്കു പക്ഷേ കുല്‍ദീപിനും ധോണിക്കും മുന്നില്‍ പിഴച്ചു. 21 പന്തില്‍നിന്നു 37 റണ്‍സ് നേടിനില്‍ക്കെ ഹെറ്റ്മയറെ ധോണി കുല്‍ദീപിന്റെ പന്തില്‍ സ്റ്റംപ് ചെയ്തു പുറത്താക്കി.
റോവ്മാന്‍ പവല്‍ (4) വന്നപോലെ മടങ്ങിയെങ്കിലും ഹോപ്പിനു കൂട്ടായി നായകന് ജേസണ്‍ ഹോള്‍ഡര്‍ എത്തിയതോടെ വിന്‍ഡീസ് സ്കോര്‍ ബോര്‍ഡ് വീണ്ടും ചൂടുപിടിച്ചു. സ്കോര്‍ 197-ല്‍ ഹോള്‍ഡറെ (32) പകരക്കാരന് രവീന്ദ്ര ജഡേജയുടെ കൈയിലെത്തിച്ച് ഭുവനേശ്വര്‍ കൂട്ടുകെട്ട് പൊളിച്ചു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന ഹോപ്പിനെ ബുംറ ഒരു ഉജ്ജ്വല യോര്‍ക്കറില്‍ വീഴ്ത്തിയതോടെ വിന്‍ഡീസ് ഇന്നിംഗ്സിന് അവസാനമായെന്ന് ആരാധകര്‍ കരുതി. 113 പന്തില്‍ 95 റണ്‍സ് നേടിയാണ് ഹോപ്പ് പുറത്തായത്.
തുടര്‍ന്നെത്തിയ നഴ്സും കെമല്‍ റോച്ചും ചേര്‍ന്ന് ഇന്ത്യന്‍ ബൗളിംഗിനു വീണ്ടും വെല്ലുവിളി ഉയര്‍ത്തി. 22 പന്ത് നേരിട്ട നഴ്സ് നാലു ബൗണ്ടറികളും രണ്ടു സിക്സറും പറത്തി വിന്‍ഡീസ് സ്കോര്‍ 280 കടത്തി. റോച്ച് 15 റണ്‍സുമായി പുറത്താകാതെനിന്നു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് രണ്ടും ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.