കശ്‌മീര്‍ വിഷയത്തില്‍ യുഎന്‍ രക്ഷാസമിതിയെ സമീപിക്കാന്‍ പാക്കിസ്ഥാന്റെ നീക്കം. ഇന്ത്യന്‍ നടപടിക്കെതിരെ യുഎന്‍ സെക്രട്ടറി ജനറലിന് പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി നേരത്തെ കത്തെഴുതിയിരുന്നു. യുഎന്നിനെ സമീപിക്കുന്നത് കൂടാതെ ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം കുറയ്‌ക്കുമെന്നും ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം നിര്‍ത്തിവയ്‌ക്കുമെന്നും പാക്കിസ്ഥാന്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് ഇസ്‌ലാമാബാദിലുള്ള ഇന്ത്യന്‍ സ്ഥാനപതിയെ പാകിസ്ഥാന്‍ തിരിച്ചയച്ചു.
ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ സമിതിയുടെ യോഗത്തിനു ശേഷമാണ് കശ്‌മീര്‍ വിഷയത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ പാക്കിസ്ഥാന്‍ വ്യക്തമാക്കിയത്. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14ന് കശ്‌മീരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ദിനമായി ആചരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. സൈനിക മേധാവികള്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ യോഗത്തില്‍ പങ്കെടുത്തു.
കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് പുല്‍വാമയിലുണ്ടായതുപോലെയുള്ള ഭീകരാക്രമണങ്ങള്‍ക്കും ഇന്ത്യ പാക്ക് യുദ്ധത്തിനും ഇടയാക്കുമെന്ന് ഇമ്രാന്‍ ഖാന്‍ ചൊവ്വാഴ്‌ച പറഞ്ഞിരുന്നു. കശ്‌മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുകൂട്ടിയ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രതികരണം. ഈ യുദ്ധത്തില്‍ ആരും ജയിക്കില്ല. എന്നാല്‍, ആഗോള പ്രത്യാഘാതങ്ങളുണ്ടാകും. കശ്‌മീര്‍ ജനത ഈ നടപടിയെ എതിര്‍ക്കുകയും ഇന്ത്യ അത് അടിച്ചമര്‍ത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.