വാഷിംഗ്ടണ്‍: അമേരിക്കയിലെ അഞ്ചു ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ വംശജരിൽ ആറിൽ ഒരാൾ വീതം ശരിയായ യാത്രാ രേഖകളില്ലാതെ കഴിയുന്നവരാണെന്ന് ഹോംലാന്‍റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്‍റിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു. 2020 ൽ അമേരിക്കയിൽ നടക്കുന്ന ജനസംഖ്യ കണക്കെടുപ്പിൽ ഇന്ത്യൻ വംശജരുടെ എണ്ണം കുത്തനെ കുറയുവാനുള്ള സാധ്യതകളുണ്ടെന്ന് സിവിൽ ആൻഡ് ഹൂമണ്‍ റൈറ്റ്സ് ലീഡർഷിപ്പ് കോണ്‍ഫറൻസ് പ്രസിഡന്‍റും സിഇഒയുമായ വനിത ഗുപ്ത ചൂണ്ടികാട്ടി.
ഒബാമ ഭരണത്തിൽ ജസ്റ്റീസ് ഡിപ്പാർട്ട്മെന്‍റിന്‍റെ സിവിൽ റൈറ്റ്സ് വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന വനിതാ ഗുപ്ത കണക്കുകൾ ഉദ്ധരിച്ചാണ് ഇന്ത്യൻ വംശജരുടെ യഥാർഥ സ്ഥിതി വെളിപ്പെടുത്തിയത്.
ഇന്ത്യൻ കുടുംബങ്ങളിൽ ഒരാൾ സിറ്റിസണ്‍ ആണെങ്കിൽ മറ്റു ചിലർ അനധികൃതമായി താമസിക്കുന്നവരാണ്. ഇത്തരം കുടുംബങ്ങൾ ജനസംഖ്യ കണക്കെടുപ്പിൽ നിന്നും വിട്ടു നിൽക്കുമെന്നതിനാലാണ് ഇന്ത്യൻ വംശജരുടെ എണ്ണം കുറയുമെന്ന് വനിതാ ഗുപ്ത ചൂണ്ടിക്കാട്ടിയത്.
ട്രംപ് ഭരണകൂടം ഇമിഗ്രന്‍റ്സിനെതിരെ സ്വീകരിച്ചിരിക്കുന്ന ശക്തമായ നിലപാടുകൾ ജനങ്ങളെ ഭയവിഹ്വലരാക്കിയിട്ടുണ്ടെന്നുള്ളതും കാരണമാണ്. ക്രിയാത്മക ജനാധിപത്യത്തിന്‍റെ ഭാഗമായി ജനസംഖ്യ നിർണയം വളരെ പ്രധാനപ്പെട്ടതാണെന്നും അതിൽ പങ്കെടുക്കേണ്ടതാണെന്നും വനിതാ ഗുപ്ത അഭിപ്രായപ്പെട്ടു.
2020 ലെ സെൻസസിന് ആവശ്യമായ ഫണ്ടിന് 3.8 ബില്യണ്‍ ഡോളർ ഈ വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശേഷിക്കുന്ന 933 മില്യണ്‍ ഡോളർ ലഭിക്കുമെന്നതിനാൽ സെൻസ് യഥാർഥ്യമാകുമെന്നും വനിതാ ഗുപ്ത കൂട്ടിചേർത്തു.
പി.പി. ചെറിയാൻ