• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പാക്ക്‌ ഭീകരര്‍ ആക്രമിച്ചേക്കുമെന്ന്‌ യുഎസ്‌; ഇന്ത്യന്‍ സേനാകേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി

പാക്ക്‌ ഭീകരര്‍ ഇന്ത്യയില്‍ ആക്രമണം അഴിച്ചുവിട്ടേക്കുമെന്ന്‌ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയുണ്ടെന്നു യുഎസ്‌.

ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ പശ്ചാത്തലത്തിലാണു ഭീകരാക്രമണത്തിനു സാധ്യത തെളിഞ്ഞതെന്നു യുഎസ്‌ പ്രതിരോധ വകുപ്പിന്റെ ഏഷ്യ പോളിസി വിഭാഗം തലവന്‍ റാന്‍ഡല്‍ ഷ്രിവര്‍ പറഞ്ഞു. കശ്‌മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനു ചൈന നല്‍കിയതു രാഷ്ട്രീയവും നയതന്ത്രപരവുമായ പിന്തുണയാണ്‌. കശ്‌മീരിന്റെ പേരില്‍ രക്തച്ചൊരിച്ചിലിനു ചൈന ആഗ്രഹിക്കുന്നില്ലെന്നാണു വിശ്വാസമെന്നും ഷ്രിവര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

പാക്ക്‌ സൈന്യത്തിന്റെ വല മുറിച്ച്‌ യുഎസില്‍ കശ്‌മീരില്‍ സംഘര്‍ഷം വിതയ്‌ക്കണമെന്നു ചൈന ആഗ്രഹിക്കുന്നില്ല. ഇത്തരം ആക്രമണങ്ങളെ ചൈന പിന്തുണയ്‌ക്കുന്നുമെന്നു വിശ്വസിക്കുന്നുമില്ല. ചൈന പല രാജ്യാന്തര വേദികളിലും പാക്കിസ്ഥാന്‌ അനുകൂലമായി വിഷയത്തില്‍ സംസാരിച്ചിട്ടുണ്ട്‌. ചൈനയുടെ പൂര്‍ണ പിന്തുണ അവകാശപ്പെട്ടു പാക്കിസ്ഥാന്‍ രംഗത്തെത്തിയെങ്കിലും ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതിയില്‍ രാജ്യാന്തര പിന്തുണ നേടാന്‍ കഴിഞ്ഞില്ല. പാക്കിസ്ഥാനുമായി ചൈനയ്‌ക്കു ദീര്‍ഘകാലങ്ങളായുള്ള ബന്ധമാണ്‌. ചൈന ഇന്ത്യയുമായി പലകാര്യങ്ങളിലും മത്സര സ്വഭാവം പിന്തുടരുന്ന രാജ്യമാണ്‌.

വിദേശകാര്യ മന്ത്രി എസ്‌.ജയശങ്കറുടെ യുഎസ്‌ പര്യടന വേളയില്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചയായി. ചൈനയുമായി ഇന്ത്യ ശത്രുത ആഗ്രഹിക്കുന്നില്ലെന്നും ഷ്രിവര്‍ അഭിപ്രായപ്പെട്ടു.

ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത്‌ ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളിലെ സൈനിക കേന്ദ്രങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. അമൃത്‌സര്‍, പത്താന്‍കോട്ട്‌, ശ്രീനഗര്‍, അവന്തിപുര്‍, ഹിന്‍ഡന്‍ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലാണു സുരക്ഷ ശക്തമാക്കിയത്‌. പത്തോളം പേരുള്ള ചാവേര്‍ സംഘം ഈ സ്ഥലങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

Top