ലണ്ടന്‍: കുറ്റകൃത്യങ്ങള്‍ അനുദിനം പെരുകുന്ന ഇംഗ്ലണ്ടില്‍, അത്തരമൊരു ഭീകരനിമിഷത്തിന്റെ ഓര്‍മകള്‍ ചികഞ്ഞെടുക്കുകയാണ് ഇന്ത്യക്കാരനായ ഡോക്ടര്‍ കൈലാഷ് സോളങ്കി. തന്റെ ചെഷയറിലെ ബൗഡനിലുള്ള മണിമാളികയിലേക്ക് ആയുധങ്ങളുമായി കടന്നുകയറിയ രണ്ടുപേര്‍, ആഭരണങ്ങളും പണവും തന്നില്ലെങ്കില്‍ ഭാര്യയെയും കുട്ടികളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് അദ്ദേഹം പറയുന്നു. 38-കാരനായ കൈലാഷിന്റെയും 30-കാരിയായ ഭാര്യ മിഷേലിന്റെയും ഞെട്ടല്‍ ഇതിനുശേഷം വിട്ടുമാറിയിട്ടുമില്ല.
പ്രശസ്തനായ ഡെന്റിസ്റ്റാണ് കൈലാഷ് സോളങ്കി. സന്തോഷകരമായ അവരുടെ ജീവിതത്തെ പേടിപ്പെടുത്തുന്ന ഓര്‍മയാക്കി രണ്ടംഗ മോഷ്ടാക്കള്‍ മാറ്റിയത് കഴിഞ്ഞയാഴ്ചയാണ്. മുഖം മൂടിധരിച്ചെത്തിയ മോഷ്ടാക്കളുടെ കൈയില്‍ വലിയ വാക്കത്തിയും ചുറ്റികയുമുണ്ടായിരുന്നുവന്ന് ഡോക്ടര്‍ ഓര്‍ക്കുന്നു. ആറ് മിനിറ്റോളമാണ് അവര്‍ വീട്ടിലുണ്ടായിരുന്നത്. വീട്ടിലെ സേഫ് തുറന്നില്ലെങ്കില്‍ മുകള്‍നിലയില്‍ ഉറങ്ങിക്കിടക്കുന്ന കുട്ടികളെ കൊലപ്പെടുത്തുമെന്ന് അവരിലൊരാള്‍ ഭീഷണിപ്പെടുത്തിയെന്ന് കൈലാഷ് പറഞ്ഞു.
രണ്ടുലക്ഷം പൗ്‌ണ്ടോളം വിലവരുന്ന വസ്തുക്കള്‍ വീട്ടില്‍നിന്ന് മോഷ്ടിക്കപ്പെട്ടു. ഡിസൈനര്‍ വാച്ചുകള്‍, ഹാന്‍ഡ്ബാഗുകള്‍, സണ്‍ഗ്ലാസുകള്‍, ആഭരണങ്ങള്‍ എന്നിവ ഇക്കൂട്ടത്തില്‍്‌പ്പെടുന്നു. മിഷേലിന്റെ വിവാഹത്തിന്റെയും വിവാഹ നിശ്ചയത്തിന്റെയും വജ്ര മോതിരങ്ങളും കവര്‍ച്ച ചെയ്യപ്പെട്ടു. കുഞ്ഞുങ്ങളെ ഉപദ്രവിക്കുമെന്ന ഭീഷണി തങ്ങളെ വളരെയധികം ഭയപ്പെടുത്തിയതായി കൈലാഷ് പറഞ്ഞു. പത്തുമാസം പ്രായമുള്ള ഡൈലനം ഒന്നരവയസ്സ് പിന്നിട്ട ജാസ്മിനും മുകളിലത്തെ നിലയിലാണ് കിടന്നിരുന്നത്.
ജനാലച്ചില്ല് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നതെന്ന് കൈലാഷ് പറഞ്ഞു. അവര്‍ തന്റെ നേര്‍ക്ക് ഓടിയടുക്കുകയായിരുന്നു. പെട്ടെന്ന് ഒരുനിമിഷം താന്‍ മരവിച്ചുനിന്നുപോയി. ആയുധങ്ങളുമായി ആക്രോശിച്ചെത്തിയ സംഘം തന്റെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങളും വാച്ചും ആദ്യം ഊരിയെടുത്തു. മിഷേലിനെ കയറിപ്പിടിച്ച മറ്റൊരാള്‍ വിവാഹമോതിരവും വാച്ചും എടുത്തു. കുഞ്ഞുങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ അവര്‍ കുഞ്ഞുങ്ങളാണെന്ന് താന്‍ കരഞ്ഞുപറഞ്ഞതായി മിഷേല്‍ പറയുന്നു.
ഭീകരമായ ഓര്‍മ തന്റെ ജീവിതത്തിലുടനീളം തന്നെ പിന്തുടരുമെന്ന് മിഷേല്‍ പറഞ്ഞു. ബാങ്ക് ഹോളിഡേ തിങ്കളാഴ്ചയാണ് രാത്രി പത്തുമണിയോടെ മോഷണം നടന്നത്. എന്നാല്‍, ഇതിനൊരാഴ്ചമുമ്ബും ഇവര്‍ ഇവിടടെയെത്തിയിരുന്നതായി സംശയിക്കുന്നുണ്ടെന്ന് ഡോക്ടര്‍ കൈലാഷ് പറഞ്ഞു. വീട്ടിലെ സി.സി.ടി.വിയില്‍ രണ്ടുപേരുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസിനെ വിളിച്ചുവരുത്തി. എന്നാല്‍, പൊലീസെത്തിയതോടെ ഇവര്‍ സ്ഥലംവിടുകയും ചെയ്തിരുന്നു.
മാഞ്ചസ്റ്ററിലൂടനീളം ഡെന്റല്‍ ക്ലിനിക്കുകള്‍ നടത്തുന്ന സോളങ്കി ഈ രംഗത്ത് പ്രശസ്തനാണ്. അദ്ദേഹത്തിന്റെ കിസ്‌ഡെന്റല്‍ എന്ന സ്ഥാപനം വന്‍വിജയം വരിച്ചതാണ്. ഫെരാരിയടക്കം വിലയേറിയ സ്പോര്‍ട്സ് കാറുകളുടെ ശേഖരം തന്നെ സോളങ്കിക്കുണ്ട്. കഠിനാധ്വാനത്തിലൂടെ വളര്‍ന്നുവന്ന് വിജയം വരിച്ച ഇന്ത്യന്‍ ധനാഢ്യരിലൊരാളാണ് സോളങ്കി.