ന്യൂയോർക്ക്: മാർത്തോമ്മ സഭയുടെ വലിയ ഇടയൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഇന്ത്യാ രാജ്യം നൽകിയ പരമോന്നത ബഹുമതിയായ പത്മഭൂഷൺ മാർച്ച് 20 ചൊവ്വാഴ്ച ഡൽഹിലെ രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദിൽ നിന്ന് സ്വീകരിച്ചു.
ഇന്ത്യൻ വൈസ് പ്രസിഡന്റ് എം.വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംങ് തുടങ്ങിയ പ്രമുഖർക്കൊപ്പം മാർത്തോമ്മ സഭയെ പ്രതിനിധികരിച്ച് ഡൽഹി ബിഷപ് ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, തിരുവനന്തപുരം ബിഷപ് ജോസഫ് മാർ ബർന്നബാസ്, നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇന്ത്യായുടെ വൈസ് ചെയർ ലീന തോമസ്, ഡൽഹി ഭദ്രാസന സെക്രട്ടറി റവ.മനോജ് മാത്യു, ഭദ്രാസന് ട്രഷറാർ പി .പി മത്തായി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
1918 ഏപ്രിൽ 27 ന് ജനിച്ച മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത 2018 ഏപ്രിൽ 27ന് നൂറ്റി ഒന്നാം ജന്മദിനം ആഘോഷിക്കുവാൻ പോവുകയാണ്. 1953 മെയ് 23 ന് ബിഷപ് ആയ തിരുമേനി 2018 മെയ് 23 ന് അറുപത്തിഅഞ്ചു വർഷം മാർത്തോമ്മ സഭയിൽ മേൽപ്പട്ടക്കാരനായി പൂർത്തീകരിക്കുകയാണ്. ഇത് മലങ്കര സഭയുടെ ചരിത്രത്തിൽ പുതിയ ഒരു അദ്ധ്യായം ആണ്.