ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം ഭയാനകമായ സാഹചര്യമാണു സൃഷ്ടിച്ചിരിക്കുന്നതെന്ന നാസാ മേധാവിയുടെ വാദം തള്ളി ഇന്ത്യന്‍ മിസൈല്‍ വിദഗ്‌ധര്‍ രംഗത്ത്. ഇന്ത്യ തകര്‍ത്ത ഉപഗ്രഹം 400 കഷ്‌ണങ്ങളായി ചിതറിത്തെറിച്ചുവെന്നും ഈ അവശിഷ്ടങ്ങള്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികര്‍ക്കും അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നും നാസ തലവന്‍ ജിം ബ്രൈഡന്‍സ്‌റ്റൈന്‍ പറഞ്ഞതായി നേരത്തെ മലയാളംവാര്‍ത്താ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
നാസയുടെ വിമര്‍ശനം അടിസ്ഥാനരഹിതമാണെന്നാണ് ഡിആര്‍ഡിഒ മുന്‍ ഡയറക്ടര്‍ ജനറല്‍ വി.കെ. സാരസ്വത് പറയുന്നത്. മിസൈലും ഉപഗ്രഹവും തമ്മിലുള്ള കൂട്ടിയിടിയെ തുടര്‍ന്നുണ്ടാകുന്ന അവശിഷ്ടങ്ങള്‍ക്ക് ബഹിരാകാശത്ത് ഏറെക്കാലം തങ്ങിനില്‍ക്കാന്‍ മാത്രം ചലനവേഗമില്ലെന്ന് സാരസ്വത് വ്യക്തമാക്കിയിരിക്കുന്നു.. 300 കിലോമീറ്റര്‍ ഉയരത്തില്‍ ഉണ്ടായ അവശിഷ്ടങ്ങള്‍ താഴേക്ക് പതിച്ച് ഭൂമിയുടെ അന്തരീക്ഷത്തില്‍ കത്തി ചാമ്പലാകും. ഇപ്പോള്‍ത്തന്നെ ലക്ഷക്കണക്കിന് അവശിഷ്ടങ്ങള്‍ ബഹിരാകാശത്ത് സഞ്ചരിക്കുന്നുണ്ട്. അവയൊക്കെ രാജ്യാന്തര ബഹിരാകാശ നിലത്തിനു ഭീഷണിയാകുന്നുണ്ടോ? ഓരോ വര്‍ഷവും വിവിധ വലിപ്പത്തിലുള്ള 190 ഉപഗ്രഹങ്ങളാണ് താഴ്‌ന്ന ഭ്രമണപഥത്തിലേക്കു വിക്ഷേപിക്കുന്നത്. അതിന്റെ എണ്ണം കൂടുകയേ ഉള്ളു. ഓരോ സാറ്റലൈറ്റ് വിക്ഷേപണവും അവശിഷ്ടങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ പരീക്ഷണത്തില്‍നിന്നുണ്ടാകുന്ന ചെറിയ തോതിലുള്ള അവിശിഷ്ടങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നത് അര്‍ഥശൂന്യമാണെന്നും സാരസ്വത് പറഞ്ഞു.