അറബിക്കടലിന്റെ വടക്കുഭാഗത്തു നാവികാഭ്യാസം നടത്തുന്ന പാക്കിസ്ഥാനെതിരെ കനത്ത ജാഗ്രതയോടെ ഇന്ത്യ. പാക്കിസ്ഥാന്റെ സൈനികാഭ്യാസം നിരീക്ഷിക്കാനും അപ്രതീക്ഷിത ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കാനും നാവികസേന ഒരുങ്ങിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തു. യുദ്ധക്കപ്പലുകള്‍, അന്തര്‍വാഹിനികള്‍, പട്രോളിങ്ങിനുള്ള വിമാനങ്ങള്‍ തുടങ്ങിയ സന്നാഹങ്ങളാണു സമുദ്രാക്രമണങ്ങളെ നേരിടാന്‍ ഇന്ത്യ ഒരുക്കിയത്.
ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി സര്‍ക്കാര്‍ റദ്ദാക്കിയ പശ്ചാത്തലത്തിലാണു പാക്കിസ്ഥാന്റെ നാവികാഭ്യാസം എന്നതാണ് ഇന്ത്യയുടെ തയാറെടുപ്പിനു കാരണം. രാജ്യാന്തര തലത്തില്‍ വിഷയം ഉന്നയിച്ച് പിന്തുണ നേടാനുള്ള പാക്ക് ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഇന്ത്യയ്‌ക്കാകട്ടെ വലിയ തോതില്‍ ലോകരാഷ്ട്രങ്ങളുടെ പിന്തുണ കിട്ടുകയും ചെയ്‌തു. ഈ സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ അതിരുകടക്കുമോ എന്ന ആശങ്കയിലാണ് സൈന്യം.
പാക്ക് സൈന്യം ആക്രമിച്ചേക്കുമെന്ന ഭീഷണിയുണ്ട്. അതിനാലാണ് ഇന്ത്യ ജാഗ്രതയോടെ നിലകൊള്ളുന്നത്. അയല്‍രാജ്യത്തിന്റെ ഭാഗത്തുനിന്നു തെറ്റായ ഏതു നീക്കമുണ്ടായാലും തടയാനും തിരിച്ചടിക്കാനും സന്നദ്ധമാണെന്നും പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.