ചൈനയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ഒത്തൊരുമിച്ച് നില്‍ക്കുമെന്ന സന്ദേശം ഊട്ടിയുറപ്പിച്ച് ഇന്ത്യന്‍ നാവികസേന യുഎസ് കമ്പനിയില്‍നിന്ന് രണ്ടു നിരീക്ഷണ ഡ്രോണുകള്‍ പാട്ടത്തിനെടുത്തു. ഇന്ത്യന്‍ സമുദ്ര മേഖലയിലെ നിരീക്ഷണത്തിനാണ് ഡ്രോണുകള്‍ വാങ്ങിയതെങ്കിലും കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയിലെ (എല്‍എസി) നിരീക്ഷണത്തിന് ഉള്‍പ്പെടെ ഇത് ഉപയോഗിക്കുമെന്നാണ് സൂചന.
ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷം കണക്കിലെടുത്ത് പ്രതിരോധ മന്ത്രാലയം അനുവദിച്ച അടിയന്തര സംഭരണ അധികാരങ്ങള്‍ പ്രകാരമാണ് നാവികസേന ഡ്രോണുകള്‍ പാട്ടത്തിന് എടുത്തത്. നവംബര്‍ ആദ്യം ഡ്രോണുകള്‍ ഇന്ത്യയിലെത്തിയെന്നും 21ന് നാവികസേനയുടെ ഭാഗമായെന്നും പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു. 30 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ സാധിക്കുന്നതാണ് ഡ്രോണുകള്‍.
നിലവില്‍ ഒരു വര്‍ഷത്തേയ്‌ക്കാണ് ഡ്രോണുകള്‍ പാട്ടത്തിന് എടുത്തിരിക്കുന്നത്. ഇവയുടെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അറ്റകുറ്റപണികള്‍ക്കുമായി യുഎസ് കമ്പനിയിലെ ഒരു സംഘവും നേവിയോടൊപ്പമുണ്ട്. ഡ്രോണുകള്‍ ശേഖരിക്കുന്ന മുഴുവന്‍ വിവരങ്ങളും ഇന്ത്യയ്‌ക്ക് സ്വന്തമായിരിക്കും.