പാക്ക് അധീന കശ്‌മീരിലെ ഭീകരകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിക്കുന്നതിന് സഹായകമാകുന്ന റഡാര്‍ ഇമേജിങ് സാറ്റലൈറ്റ് (റിസാറ്റ് 2ബിആര്‍ 1) ഐഎസ്‌ആര്‍ഒ മേയ് 22ന് വിക്ഷേപിക്കും. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍നിന്നാണ് ഉപഗ്രഹ വിക്ഷേപണം.
റിസാറ്റ് പരമ്പരയില്‍പെട്ട നേരത്തേ വിക്ഷേപിച്ചതിനേക്കാളും ഉയര്‍ന്ന ശേഷിയുള്ളതാണ് റിസാറ്റ് 2 ബിആര്‍ 1. പുറമേനിന്നും പഴയ ഉപഗ്രഹത്തേപ്പോലെയാണു കാഴ്‌ചയെങ്കിലും ഘടനയില്‍ വ്യത്യാസമുണ്ടെന്ന് ഐഎസ്‌ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.
നിരീക്ഷണത്തിനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിലും ഉപഗ്രഹത്തിനു മികച്ചശേഷിയാണുള്ളത്. റിസാറ്റിലെ എക്‌സ്‌ബാന്‍ഡ് സിനെതിക് അപര്‍ചര്‍ റഡാര്‍ (എസ്‌എആര്‍) പകലും രാത്രി സമയത്തും ഒരുപോലെ പ്രവര്‍ത്തിക്കും. കൂടാതെ കാലാവസ്ഥാ പരിശോധന നടത്തുന്നതിനുള്ള ശേഷിയും ഉപഗ്രഹത്തിന് ഉണ്ടായിരിക്കും.
ഭൂമിയിലുള്ള കെട്ടിടത്തെയോ, മറ്റെന്തെങ്കിലും വസ്‌തുക്കളെയോ ഒരു ദിവസം കുറഞ്ഞത് രണ്ടോ, മൂന്നോ തവണയെങ്കിലും പകര്‍ത്താന്‍ ഉപഗ്രഹത്തിനു സാധിക്കും. പാക്ക് അധീന കശ്‌മീരിലെ ഭീകരകേന്ദ്രങ്ങള്‍ നിരീക്ഷിക്കുക. നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റങ്ങള്‍ പരിശോധിക്കുക എന്നിവയും ലക്ഷ്യങ്ങളാണ്. ഇന്ത്യന്‍ അതിര്‍ത്തികളിലെ എല്ലാ ഭീഷണികളെയും ഇല്ലാതാക്കാന്‍ ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനം കരുത്താകും.
കടലില്‍ കപ്പലുകളുടെ സഞ്ചാരവും പരിശോധിക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനയുടെ നീക്കങ്ങളും അറബിക്കടലിലെ പാക്ക് യുദ്ധക്കപ്പലുകളും ഉപഗ്രഹത്തിന്റെ നിരീക്ഷണ കണ്ണുകളില്‍ പെടും. റിസാറ്റ് പരമ്പരയിലെ പഴയ ഉപഗ്രഹങ്ങളില്‍നിന്നുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചാണ് 2016ല്‍ സര്‍ജിക്കല്‍ സ്‌െ്രെടക്കിനും ഈ വര്‍ഷം ബാലാക്കോട്ട് വ്യോമാക്രമണത്തിനും ഇന്ത്യ ആസൂത്രണങ്ങള്‍ നടത്തിയത്.