ദുബൈ: ( 21.11.2018) ഗള്‍ഫടക്കം 18 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് പോകണമെങ്കില്‍ ഇനി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്ക് ഇനി മുതല്‍ ജോലി തേടി ഗള്‍ഫ് അടക്കമുള്ള രാജ്യങ്ങളിലേക്ക് പോകാന്‍ സാധിക്കില്ല. അടുത്ത ജനുവരി ഒന്നു മുതല്‍ പുതിയ ചട്ടം നിലവില്‍ വരും. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശത്തിലാണ് രജിസ്‌ട്രേഷന്‍ ചെയ്യണമെന്ന നിബന്ധന മുന്നോട്ട് വെച്ചിരിക്കുന്നത്.
യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍, അഫ്ഗാനിസ്താന്‍, ഇന്തോനേഷ്യ, തായ്ലന്‍ഡ്, മലേഷ്യ, ഇറാഖ്, ജോര്‍ദാന്‍, ലിബിയ, ലബ്നന്‍, സിറിയ, യമന്‍, സുഡാന്‍, ദക്ഷിണ സുഡാന്‍ തുടങ്ങി 18 രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നവരാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തേണ്ടത്. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്ബ് കേന്ദ്രസര്‍ക്കാരിന്റെ എമിഗ്രേറ്റ് പോര്‍ട്ടലില്‍ (www.emigrate.gov.in) രജിസ്ട്രേഷന്‍ നടത്തിയിരിക്കണം.
രജിസ്റ്റര്‍ ചെയ്യാത്തവരെ വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയും യാത്ര തടയുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. വിദേശത്ത് ജോലി ആവശ്യാര്‍ഥം പോകുന്ന ഇന്ത്യക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ നീക്കമെന്നാണ് അറിയുന്നത്. വിദേശത്ത് ആപത്തില്‍പ്പെടുകയോ വഞ്ചിക്കപ്പെടുകയോ ചെയ്യുന്നത് ഒഴിവാക്കുകയാണ് ഉദ്ദേശം. ജോലി സ്ഥലത്ത് എത്തിയാല്‍ മാത്രമാണ് കബളിപ്പിക്കപ്പെട്ടത് അറിയുക. ഈ സാഹചര്യം തടയാനാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിബന്ധന കൊണ്ടുവന്നിരിക്കുന്നത്.
നോണ്‍-ഇസിആര്‍ പാസ്പോര്‍ട്ടുള്ളവര്‍ നിര്‍ബന്ധമായും രജിസ്ട്രേഷന്‍ നടത്തിയിരിക്കണം. ജോലി തേടുന്ന സ്ഥലത്തെ സംബന്ധിച്ച വിവരങ്ങളും രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ ആവശ്യമാണ്. വഞ്ചിക്കപ്പെടാന്‍ സാധ്യതയുണ്ടെങ്കില്‍ നേരത്തെ അറിയാന്‍ ഇതുവഴി സാധിക്കും. രജിസ്ട്രേഷന്‍ വേളയില്‍ ഒരു ഫോം പൂരിപ്പിക്കേണ്ടതുണ്ട്. ഇത് പൂരിപ്പിച്ചു കഴിഞ്ഞാല്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകും. മൊബൈലിലേക്കോ ഇമെയിലിലേക്കോ സന്ദേശം വരും.