• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

അനങ്ങാനാകാതെ അഭിലാഷ് ടോമി... കടലില്‍ രാക്ഷസത്തിരമാലകള്‍; ചിത്രം പുറത്ത്... വഞ്ചിയ്ക്കടുത്തെത്താന്‍ ശ്രമം

ദില്ലി: പായ് വഞ്ചിയില്‍ ലോകം ചുറ്റുന്ന മത്സരത്തിനിടെ അപകടത്തില്‍ പെട്ട മലയാളി നാവികനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതം. വഞ്ചിയുടെ പായ്മരം തകര്‍ന്ന് വീണ് പരിക്കേറ്റ അഭിലാഷ് അനങ്ങാന്‍ പോലും ആകാതെ കിടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

താന്‍ അപകടത്തിലാണ് എന്ന അഭിലാഷിന്റെ സന്ദേശം ഞെട്ടിക്കുന്നതായിരുന്നു. എന്നാല്‍ പിന്നീട് കടലില്‍ അഭിലാഷിന്റെ പായ് വഞ്ചി കണ്ടെത്തിയത് ഏറെ ശുഭ പ്രതീക്ഷ നല്‍കി. എന്നാല്‍ ഇപ്പോഴും അഭിലാഷിനെ രക്ഷിക്കാന്‍ സാധിച്ചിട്ടില്ല.

അതി ശക്തമായ കാറ്റില്‍ തിരമാലകള്‍ ഇപ്പോഴും ആഞ്ഞടിക്കുകയാണ്. ഇത് തന്നെയാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നത്. അഭിലാഷിന് ആവശ്യമായ ജീവന്‍രക്ഷാ സാധനങ്ങള്‍ എത്തിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം

പായ് വഞ്ചിയില്‍ ലോകം ചുറ്റുന്ന മത്സരം ആണ് ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം. എവിടേയും നിര്‍ത്താതെ, തുടങ്ങിയ സ്ഥലത്ത് തന്നെ തിരിച്ചെത്തണം. ഈ മത്സരത്തില്‍ പങ്കെടുക്കുന്ന ഏക ഏഷ്യക്കാരന്‍ കൂടിയാണ് മലയാളിയായ അഭിലാഷ് ടോമി. നാവിക സേനയിലെ കമാന്‍ഡര്‍ ആണ് ഇദ്ദേഹം.

110 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്

പഴയ സാങ്കേതിക വിദ്യകള്‍ മാത്രമേ ഈ യാത്രയില്‍ നാവികര്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് ചട്ടം. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കഴിഞ്ഞ ദിവസം കാറ്റ് ആഞ്ഞടിച്ചത്. തുടര്‍ന്ന് വഞ്ചിയുടെ പായ്മരങ്ങളില്‍ ഒന്ന് തകര്‍ന്ന് വീഴുകയായിരുന്നു. പത്ത് മീറ്ററോളം ഉയരത്തിലായിരുന്നു തിരമാലകള്‍ ആഞ്ഞടിച്ചത്.

അഭിലാഷിന് പരിക്ക്

പായ്മരം മുതുകത്ത് വീണാണ് അഭിലാഷിന് പരിക്കേറ്റത്. തനിക്ക് അനങ്ങാന്‍ പോലും ആകാത്ത സ്ഥിതിയാണുള്ളത് എന്നായിരുന്നു അഭിലാഷില്‍ നിന്ന് കിട്ടിയ സന്ദേശം. അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കേണ്ട എമര്‍ജന്‍സി ബാഗ് വഞ്ചിയില്‍ ഉണ്ട്. എന്നാല്‍ തനിക്ക് അതെടുക്കാന്‍ പോലും നീങ്ങാന്‍ സാധിക്കുന്നില്ലെന്ന് അഭിലാഷ് അറിയിച്ചിരുന്നു.

രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതം

ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഓസ്‌ട്രേലിയന്‍ പരിധിയില്‍ വച്ചാണ് അഭിലാഷ് അപകടത്തില്‍ പെട്ടത്. രണ്ട് ഇന്ത്യ നാവിക സേന കപ്പലുകളും ഓസ്‌ട്രേലിയന്‍ പ്രതിരോധ വകുപ്പും രക്ഷാ പ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടുന്നുണ്ട്. അഭിലാഷിന്റെ പായ് വഞ്ചി ഉള്ള സ്ഥലം കണ്ടെത്താനും കഴിഞ്ഞിട്ടുണ്ട്.

ചരിത്രം സൃഷ്ടിക്കാന്‍

പായ് വഞ്ചിയില്‍ ഒറ്റയ്ക്ക് ലോകം ചുറ്റി റെക്കോര്‍ഡിട്ട ഇന്ത്യക്കാരന്‍ ആണ് അഭിലാഷ് ടോമി. ജൂലായ് ഒന്നിനായിരുന്നു ഗോള്‍ഡന്‍ ഗ്ലോബ് റേസിന് ഫ്രാന്‍സിലെ ലെ സ്ബാലെ ദെലോന്‍ തുറമുഖത്ത് തുടക്കമായത്. 83 ദിവസം കൊണ്ട് അഭിലാഷ് ടോമി ഏതാണ്ട് ഇരുപതിനായിരത്തോളം കിലോമീറ്ററുകള്‍ പിന്നിട്ടിരുന്നു. അപകടം സംഭവിക്കുമ്പോള്‍ മത്സരത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു അഭിലാഷ്.

Top