ന്യൂഡല്‍ഹി: ( 24.09.2018) ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചി പ്രയാണത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തില്‍പെട്ട മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ (39) രക്ഷപ്പെടുത്തി. ഏറെ ദിവസത്തെ പ്രാര്‍ത്ഥനകള്‍ക്കും കാത്തിരിപ്പുകള്‍ക്കും ഒടുവിലാണ് ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വച്ച് അപകടത്തില്‍പെട്ട നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയത്.
ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചി മത്സരത്തിനിടെ പായ്‌വഞ്ചി തകര്‍ന്നാണ് അഭിലാഷിന് അപകടം സംഭവിച്ചത്. ഫ്രഞ്ച് യാനമായ ഓസിരിസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. അഭിലാഷ് സുരക്ഷിതനാണെന്ന് നാവിക സേന അറിയിച്ചു. അഭിലാഷ് ടോമിയെ ഉടന്‍ തന്നെ ആംസ്റ്റര്‍ ഡാമിലേക്ക് മാറ്റുമെന്നാണ് ലഭിക്കുന്ന വിവരം. നടുവിനു പരിക്കേറ്റ് അനങ്ങാനാവാത്ത സ്ഥിതിയിലാണെന്നും വഞ്ചിയിലുണ്ടായിരുന്ന ഐസ് ടീ കുടിച്ചതു മുഴുവന്‍ ഛര്‍ദിച്ചെന്നും അഭിലാഷ് സന്ദേശമയച്ചിരുന്നു. കാല്‍വിരലുകള്‍ അനക്കാം. എന്നാല്‍, ദേഹത്താകെ നീരുണ്ട് എന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. പായ്‌വഞ്ചിയിലെ ആശയവിനിമയ ഉപകരണങ്ങളുടെ ചാര്‍ജ് കഴിയാറായെന്നും പറഞ്ഞിരുന്നു.