ന്യൂഡല്‍ഹി: ഇന്ത്യയില്‍ എവിടെ നിന്നും പാസ്പോര്‍ട്ട് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള പാസ്പോര്‍ട്ട് സേവാ ആപ്ലിക്കേഷന്‍ പുറത്തിറക്കിയതിന് പിന്നാലെ സുഷമാ സ്വരാജിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ. പാസ്പോര്‍ട്ടിന് അപേക്ഷിച്ച മിശ്രവിവാഹിതരായ ദമ്ബതിമാരെ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥന് മതം മാറി വരാന്‍ ആവശ്യപ്പെട്ട് അപമാനിച്ചിരുന്നു. ഇതിനെതിരെ നടപടിയെടുത്ത സുഷമാ സ്വരാജിനെതിരെ സൈബറാക്രമണം നടത്തിയവര്‍ക്കുള്ള മറുപടിയാണ് ഈ നീക്കമെന്നാണ് സോഷ്യല്‍ മീഡിയ വ്യക്തമാക്കുന്നത്.
മതം മാറിവരാന്‍ ആവശ്യപ്പെട്ട ലക്നൗ പാസ്പോര്‍ട്ട് ഓഫീസര്‍ വികാസ് മിശ്രയെ സുഷമാ സ്വരാജ് സ്ഥലം മാറ്റിയിരുന്നു. തുടര്‍ന്ന് സംഘപരിവാര്‍ അക്കൗണ്ടുകളില്‍ നിന്ന് അവര്‍ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടാകുകയായിരുന്നു.വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ സുഷമ സ്വരാജിന്റെ ശരീരത്തില്‍ മുസ്ലിം വൃക്കയായതിനാലാണ് മുസ്ലിം പ്രീണന നിലപാടുകള്‍ സ്വീകരിക്കുന്നതെന്നായിരുന്നു ആക്ഷേപം. ഇതിനു പിന്നാലെയാണ് പ്രതിഷേധക്കാരുടെ വായടപ്പിക്കുന്ന രീതിയിലുള്ള മന്ത്രിയുടെ നീക്കം.
'പാസ്പോര്‍ട്ട് സേവ' എന്ന ആപ്ലിക്കേഷനിലൂടെ അപേക്ഷകന് നിമിഷ നേരം കൊണ്ട് പാസ്പ്പോര്ട്ടിനായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനാകും. പാസ്പോര്‍ട്ട് ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.