• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഞാന്‍ ഒത്തുകളിച്ചെന്ന പ്രചാരണം: സങ്കടമുണ്ടെന്ന്‌ ധോണി

ചെന്നൈ സൂപ്പര്‍ കിങ്‌സ്‌, രാജസ്ഥാന്‍ റോയല്‍സ്‌ ടീമുകളുടെ വിലക്കിലേക്കു വരെ നയിച്ച കുപ്രസിദ്ധമായ ഐപിഎല്‍ വാതുവയ്‌പു വിവാദത്തില്‍ മനസു തുറന്ന്‌ മുന്‍ ഇന്ത്യന്‍ നായകനും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനുമായ മഹേന്ദ്രസിങ്‌ ധോണി രംഗത്ത്‌. തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയതും തിരിച്ചടി നേരിട്ടതുമായ കാലഘട്ടമായിരുന്നു വാതുവയ്‌പ്‌ വിവാദമുയര്‍ന്ന 2013ലെ ഐപിഎല്‍ സീസണെന്നായിരുന്നു ധോണിയുടെ വെളിപ്പെടുത്തല്‍.

'റോര്‍ ഓഫ്‌ ദ്‌ ലയണ്‍' എന്ന പേരില്‍ പുറത്തിറക്കുന്ന ഡോക്യുഡ്രാമയിലാണ്‌ ധോണി ഒത്തുകളി വിവാദത്തെക്കുറിച്ച്‌ മനസു തുറന്നത്‌. ഐപിഎല്ലിന്റെ ആരംഭകാലം മുതല്‍ ധോണി നയിച്ചുവന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഒത്തുകളി വിവാദത്തെ തുടര്‍ന്ന്‌ രണ്ടു വര്‍ഷത്തേക്ക്‌ ഐപിഎല്ലില്‍നിന്നു വിലക്കിയിരുന്നു. തുടര്‍ന്ന്‌ കഴിഞ്ഞ സീസണില്‍ ഐപിഎല്ലിലേക്കു തിരിച്ചെത്തിയ ടീം, കിരീടവും നേടിയാണ്‌ മടങ്ങിയത്‌. ഈ ഒത്തുകളി വിവാദത്തിന്റെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തിരിച്ചുവരവിന്റെയും കഥ പറയുന്ന ഡോക്യുഡ്രാമയാണ്‌ 'റോര്‍ ഓഫ്‌ ദ്‌ ലയണ്‍'.

'എന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലമായിരുന്നു 2013. അന്ന്‌ ഞാന്‍ തകര്‍ന്നതുപോലെ പിന്നീടൊരിക്കലും ജീവിതത്തില്‍ തകര്‍ന്നിട്ടില്ല. അതിനു മുന്‍പ്‌ 2007ലെ ഏകദിന ലോകകപ്പില്‍ ഗ്രൂപ്പ്‌ ഘട്ടത്തില്‍ പുറത്തായപ്പോഴാണ്‌ സമാനമായ നിരാശ ഉണ്ടായത്‌. അന്നു പക്ഷേ തീരെ മോശം പ്രകടനം കാഴ്‌ചവച്ചാണ്‌ ഞങ്ങള്‍ യോഗ്യതാ റൗണ്ടില്‍ത്തന്നെ പുറത്തായത്‌. ഐപിഎല്‍ വാതുവയ്‌പു വിവാദത്തില്‍ അതായിരുന്നില്ല സ്ഥിതി' ധോണി പറഞ്ഞു.

'2013ല്‍ ചിത്രം പൂര്‍ണമായും വ്യത്യസ്‌തമായിരുന്നു. ഒത്തുകളിയെക്കുറിച്ചും വാതുവയ്‌പിനെക്കുറിച്ചുമാണ്‌ ആളുകള്‍ വാതോരാതെ സംസാരിച്ചിരുന്നത്‌. അന്ന്‌ രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം പോലും അതായിരുന്നു' ഡോക്യുഡ്രാമയുടെ 'ഞങ്ങള്‍ എന്തു തെറ്റു ചെയ്‌തു' എന്നു പേരിട്ട ആദ്യ എപ്പിസോഡില്‍ ധോണി ചോദിച്ചു.

'വാതുവയ്‌പു വിവാദത്തില്‍ ഞങ്ങള്‍ തീര്‍ച്ചയായും ശിക്ഷ അര്‍ഹിച്ചിരുന്നു. എന്നാല്‍, ശിക്ഷയുടെ വ്യാപ്‌തിയില്‍ മാത്രമായിരുന്നു സംശയം. ഒടുവില്‍ രണ്ടു വര്‍ഷത്തേക്ക്‌ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിലക്കാന്‍ തീരുമാനിച്ചതായി ഞങ്ങള്‍ അറിഞ്ഞു. ടീമംഗങ്ങള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ്‌ ഉണ്ടായത്‌. ടീമിനെ വിലക്കുന്ന ഘട്ടത്തില്‍പ്പോലും താരങ്ങളെന്ന നിലയില്‍ ഞങ്ങളും, ക്യാപ്‌റ്റനെന്ന നിലയില്‍ ഞാനും എന്തു തെറ്റു ചെയ്‌തു എന്നതായിരുന്നു മനസില്‍ ഉയര്‍ന്ന ചോദ്യം' ധോണി പറഞ്ഞു.

Top