തിരുവനന്തപുരം > 2009 ല്‍ സുവര്‍ണ ചകോരത്തിന് അര്‍ഹമായ എബൗട്ട് എല്ലിയിലൂടെ മലയാളിയ്ക്ക് പ്രിയങ്കരനായി മാറിയ ഇറാനിയന്‍ സംവിധായകന് അസ്ഗര്‍ ഫര്‍ഹാദിയുടെ 'എവരിബഡി നോസ്' എന്ന സ്പാനിഷ് ചിത്രം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമാകും. കാന്‍ മേളയുടെ ഉദ്ഘാടന ചിത്രമായിരുന്ന എവരിബഡി നോസിന്റെ ആദ്യ ഇന്ത്യന്‍ പ്രദര്‍ശനത്തിനാകും മേള വേദിയാകുക.
അസ്ഗര്‍ ഫര്‍ഹാദി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയാറാക്കിയിരിക്കുന്നത്. കുടുംബത്തിലെ അസന്തുഷ്ടി പരിശോധനാ വിധേയമാക്കുന്ന ഫര്‍ഹാദി ശൈലിയുടെ തുടര്‍ച്ച കൂടിയാണ് ചിത്രം. മുന്‍ മേളകളില്‍ പ്രദര്‍ശിപ്പിച്ച അദ്ദേഹത്തിന്റെ 'എ സെപ്പറേഷന്‍', 'ദ സെയില്സ്മാന്' എന്നീ ചിത്രങ്ങള്‍ പിന്നീട് മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാര്‍ പുരസ്കാരത്തിന് അര്‍ഹമായിരുന്നു.