ന്യൂഡല്‍ഹി: ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്റെ രോഗം സ്ഥിരീകരിച്ചു. ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ആണ് താരത്തിനെന്ന് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് ഇര്‍ഫാന്‍ അസുഖവിവരം പുറത്തുവിട്ടത്. ന്യൂറോ എന്നാല്‍ എല്ലായ്പ്പോഴും മസ്തിഷ്കവുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും അസുഖത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഗൂഗിള്‍ നോക്കിയാല്‍ മതിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അമേരിക്കന്‍ എഴുത്തുകാരി മാര്‍ഗരറ്റ് മിച്ചലിന്റെ വാക്കുകള്‍ ആമുഖമായി നല്‍കിയാണ് ഇര്‍ഫാന്റെ ട്വീറ്റ്.
ഇതുസംബന്ധിച്ചു വ്യാപകമായി അഭ്യൂഹം പരക്കുന്നതിനിടെയാണു നടന്റെ വിശദീകരണമുണ്ടായിരിക്കുന്നത്. ഇത് ഉള്‍ക്കൊളളാന്‍ ബുദ്ധിമുട്ടാണെങ്കിലും ചുറ്റുമുളളവരുടെ സ്നേഹവും കരുതലും പ്രത്യാശ നല്‍കുന്നു. തനിക്ക് എല്ലാവരും ആശംസ അയയ്ക്കുന്നതു തുടരണമെന്ന് അഭ്യര്‍ഥിക്കുന്നു. ന്യൂറോ എന്നാല്‍ എപ്പോഴും തലച്ചോറിനെക്കുറിച്ചല്ലെന്നും ഇക്കാര്യം ഗൂഗിളില്‍ തെരഞ്ഞാല്‍ പിടികിട്ടുമെന്നും ഇര്‍ഫാന്‍ഖാന്‍ പറഞ്ഞു. തന്റെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നവരോടു പറയാന്‍ കൂടുതല്‍ കാര്യങ്ങളുമായി തിരിച്ചുവരാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും നടന്റെ കുറിപ്പിലുണ്ട്.
കഴിഞ്ഞ അഞ്ചിനായിരുന്നു രോഗവിവരത്തെക്കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തത്. ന്യൂറോ എന്‍ഡോക്രിന്‍ ട്യൂമര്‍ ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങളെയാണു ബാധിക്കുന്നത്. ശ്വാസകോശം, അപെന്‍ഡിക്സ്, പാന്‍ക്രിയാസ് തുടങ്ങിയ വിവിധ ശരീരഭാഗങ്ങളില്‍ ഇവയെ കണ്ടേക്കാം. ഈ ട്യൂമറും ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങുന്നതോടെയാണു രോഗം കണ്ടെത്താന്‍ കഴിയുന്നത്. ഏതു ഭാഗത്താണു ഹോര്‍മോണുകള്‍ കൂടുതലയായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നതെന്നു കണ്ടെത്തി വേണം ചികിത്സ തുടങ്ങാന്‍.