• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കടം വീട്ടി തുടങ്ങി!! കൊല്‍ക്കത്തയില്‍ ചെന്ന് എ ടി കെയോടുള്ള കലിപ്പടക്കി കേരള ബ്ലാസ്റ്റേഴ്സ്

ഐ എസ് എല്‍ അഞ്ചാം സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് അര്‍ഹിച്ച വിജയം. എ ടി കെയെ കൊല്‍ക്കത്തയില്‍ ചെന്ന് നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ന് വിജയിച്ചത്. രണ്ട് വിദേശ സ്ട്രൈക്കേഴ്സും വല കണ്ടെത്തിയതാണ് കളിയുടെ വിധി നിര്‍ണയിച്ചത്

ആദ്യ 45 മിനുട്ടില്‍ തന്നെ നിരവധി അവസരങ്ങള്‍ ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചിരുന്നു. ഫിനിഷിംഗ് മെച്ചമായിരുന്നു എങ്കില്‍ ആദ്യ പകുതിയില്‍ തന്നെ കേരളം മത്സരം സ്വന്തമാക്കുമായിരുന്നു. നാലാം മിനുട്ടില്‍ തന്നെ മറ്റെഹ് പൊപ്ലാനികിലൂടെ കേരളം ഗോളിനടുത്ത് എത്തി. പൊപ്ലാനികിന്റെ ഹെഡര്‍ പോസ്റ്റിന് ഉരുമ്മിയാണ് പുറത്ത് പോയത്. 12 ആം മിനുട്ടില്‍ ലാകിച് പെസിചിലൂടെ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഗോളിനടുത്ത് എത്തി എങ്കിലും ഗോള്‍ ലൈന്‍ ക്ലിയറന്‍സിലൂടെ കൊല്‍ക്കത്ത രക്ഷപ്പെടുകയായിരുന്നു.

ആദ്യ പകുതിയില്‍ സഹല്‍ അബ്ദുല്‍ സമദും ബ്ലാസ്റ്റേഴ്സിനായി മികച്ചു നിന്നിരുന്നു. ഗോള്‍രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം സഹലിനെ പിന്‍വലിച്ച്‌ പെകൂസണെ ജെയിംസ് ഗ്രൗണ്ടില്‍ എത്തിച്ചു. ജെയിംസിന്റെ ഈ മാറ്റം കേരള ബ്ലാസ്റ്റേഴ്സിന്റെ താളം ചെറുതായി തെറ്റിച്ചു. രണ്ടാം പകുതിയുയ്യെ തുടക്കത്തില്‍ എ ടി കെ ചെറിയ ആധിപത്യം നേടുകയും ചെയ്തു.

എന്നാല്‍ പതിയെ കേരള ബ്ലാസ്റ്റേഴ്സ് തന്നെ കളി വീണ്ടും നിയന്ത്രിക്കാന്‍ തുടങ്ങു. 77ആം മിനുട്ടില്‍ കേരളം ആ നിയന്ത്രണം ഗോളാക്കിയും മാറ്റി. മറ്റെഹ് പൊപ്ലാനിക് ആണ് ലീഗിലെയും ബ്ലാസ്റ്റേഴ്സിന്റെയും ആദ്യ ഗോള്‍ നേടിയത്. സ്റ്റഹാനോവിചിന്റെ ഷോട്ട് ഡിഫ്ലക്റ്റഡ് ആയി ഉയര്‍ന്നപ്പോള്‍ ഒരു ഹെഡറിലൂടെ പൊപ്ലാനിക് വലയില്‍ എത്തിക്കുകയായിരുന്നു.

86ആം മിനുട്ടില്‍ സ്റ്റഹോനാവിചിലൂടെ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോളും 3 പോയന്റും ഉറപ്പിച്ചു. ബോക്സിന് പുറത്ത് നിന്ന് ഒരു വലം കാലന്‍ സ്ക്രീമറിലൂടെ ആയിരുന്നു സ്റ്റൊഹാനോവിചിന്റെ ഗോള്‍ പിറന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ കൊല്‍ക്കത്തയിലെ ആദ്യ ജയമാണിത്. എപ്പോഴും സീസണ്‍ മോശം രീതിയില്‍ തുടങ്ങിയിരുന്ന ബ്ലാസ്റ്റേഴ്സ് എന്നാല്‍ ഇന്ന് തികച്ചും ഒരു ചാമ്ബ്യന്‍ ടീമിനെ പോലെയാണ് കളിച്ചത്. കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് അവസാന വര്‍ഷങ്ങളില്‍ കണ്ട ഫുട്ബോളിനേക്കാള്‍ എത്രയോ മികച്ച ഫുട്ബോളിനും ഇന്ന് കൊല്‍ക്കത്ത സാക്ഷിയായി.

Top