ഐ എസ് എല്ലിന്റെ അഞ്ചാം സീസണ് ഇന്ന് തുടക്കമാകും. കൊല്‍ക്കത്ത സാള്‍ട് ലേക് സ്റ്റേഡിയത്തില്‍ എ ടി കെ കൊല്‍ക്കത്തയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരത്തോടെയാകും ഐ എസ് എല്‍ സീസണ് തുടക്കമാവുക. കഴിഞ്ഞ സീസണില്‍ വേണ്ടത്ര മികവ് പുലര്‍ത്താന്‍ കഴിയാത്ത രണ്ട് ടീമുകള്‍ എന്നതു കൊണ്ട് തന്നെ മികച്ച രീതിയില്‍ സീസണ്‍ തുടങ്ങാനാകും ഇരുടീമുകളും ഇന്ന് നോക്കുക.
മുന്‍ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ സ്റ്റീവ് കോപ്പലിന്റെ കീഴിലാണ് എ ടി കെ കൊല്‍ക്കത്ത ഇത്തവണ ഇറങ്ങുന്നത്. ലാന്‍സരോട്ടെ ഉള്‍പ്പെടെ കഴിഞ്ഞ സീസണില്‍ ഐ എസ് എല്ലില്‍ മികവ് തെളിയിച്ച മികച്ച വിദേശ താരങ്ങളെ ടീമില്‍ എത്തിച്ച എ ടി കെ ഇത്തവണ കൂടുതല്‍ ശക്തമാണ്. തന്റെ പതിവ് ശൈലി വിട്ട് ആക്രമണ ഫുട്ബോള്‍ ടാക്ടിക്സിലേക്ക് പോകും എന്ന് സ്റ്റീവ് കോപ്പം പറഞ്ഞത് ടീമില്‍ മികച്ച അറ്റാക്കിംഗ് താരങ്ങള്‍ ഉണ്ട് എന്ന ബലത്തിലാണ്.
മറുവശത്ത് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ കരുതലോടെയാണ് ടീം ഒരുക്കിയിരിക്കുന്നത്. വമ്ബന്‍ പേരുകള്‍ക്കല്ല ടീമിനോട് ചേര്‍ന്ന് കളിക്കാന്‍ കഴിവുള്ള താരങ്ങള്‍ക്കാണ് ഡേവിഡ് ജെയിംസ് ഇത്തവണ ട്രാന്‍സ്ഫറില്‍ മുന്‍തൂക്കം കൊടുത്തത്. കഴിഞ്ഞ തവണ തകര്‍ന്നു കിടക്കുന്നെടുത്ത് നിന്ന് ടീമിനെ ഏറ്റെടുത്ത ജെയിംസ് അതിനു ശേഷം അത്ഭുതങ്ങള്‍ തന്നെ കാണിച്ചിരുന്നു. ജെയിംസിന്റെ കീഴില്‍ ഇത്തവണ സ്ഥിരതയാര്‍ന്ന് പ്രകടനന്‍ കാഴ്ചവെക്കാമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ്.
പ്രീസീസണില്‍ കളിച്ചത് ആണെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരങ്ങളുടെ പ്രകടനമാകും ഏവരും ഉറ്റുനോക്കുന്നത്. ഡിഫന്‍സില്‍ അനസ് എടത്തൊടിക ഉണ്ടാകില്ല എന്നത് കേരളത്തിന് തിരിച്ചടിയാണ്. വിലക്ക് നേരിടുന്ന അനസിന് ആദ്യത്തെ മൂന്ന് മത്സരങ്ങളും നഷ്ടമാകും. അനസ് ഇല്ലായെങ്കിലും നാല് മലയാളി താരങ്ങള്‍ എങ്കിലും മാച്ച് സ്ക്വാഡില്‍ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. വിനീതും പ്രശാന്തും ആദ്യ ഇലവനിലും ഉണ്ടാകും.
എന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ വില്ലന്മാരായ എ ടി കെയെ തോല്‍പ്പിച്ച് കൊണ്ട് തുടങ്ങിയാല്‍ അത് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ഇരട്ടി മധുരമാകും. രണ്ട് ഫൈനലുകളില്‍ എ ടി കെയോട് പരാജയപ്പെട്ടായിരുന്നു കേരളം കിരീടം കൈവിട്ടത്. ഇന്ന് രാത്രി 7.30നാണ് മത്സരം. ഏഷ്യാനെറ്റ് മൂവീസിലും സ്റ്റാര്‍ സ്പോര്‍ട്സിലും കളി തത്സമയം കാണാം.